കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് തുരങ്കം വയ്ക്കുന്ന സർക്കാരിനെയല്ല ബംഗാളിന് ആവശ്യമെന്നും ഇരട്ട എൻജിനുള്ള സർക്കാരിനെയാണ് അവർക്ക് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അസനോളിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”സംസ്ഥാനത്തിന് ഇരട്ട എൻജിനുള്ള സർക്കാരിനെയാണ് ആവശ്യം. ബിജെപി സർക്കാർ അധികാരത്തിലേറിയാൽ ദീദീ സർക്കാർ നിർത്തലാക്കിയ മുഴുവൻ ആനുകൂല്യങ്ങളും ജനങ്ങൾക്ക് നൽകും. ബംഗാൾ ജനതയുടെ ആഗ്രഹസാഫല്യത്തിനായി ബിജെപി സർക്കാർ പ്രവർത്തിക്കും’- പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾക്കും ബംഗാൾ ജനതയ്ക്കും ഇടയിൽ മമതാ ബാനർജി വലിയ മതിൽ നിർമ്മിച്ചിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി. വലിയ വ്യാവസായിക മേഖലയായി ഉയർന്നുവരാനുള്ള കഴിവുള്ള സംസ്ഥാനമാണ് ബംഗാൾ. വലിയ തോതിൽ വ്യവസായങ്ങൾ ഉണ്ടായിരുന്ന സംസ്ഥാനം കൂടിയായിരുന്നു. തൊഴിൽ അന്വേഷിച്ച് പണ്ട് ധാരാളം പേർ സംസ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇവിടെയുള്ളവർ തൊഴിൽ തേടി മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments