ചാരുംമൂട്: അമിത വേഗത്തില്‍ വന്ന മിനി ടാങ്കര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും തല്‍ക്ഷണം മരിച്ചു. നൂറനാട് ഇടപ്പോണ്‍ പാറ്റൂര്‍ ഇഞ്ചക്കലോടില്‍ ഇ.കെ.തോമസ് (ജോയിക്കുട്ടി 57), മകള്‍ ഡി. ഫാം വിദ്യാര്‍ഥിനി ജോസി തോമസ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ പാറ ഇടപ്പോണ്‍ റോഡില്‍ പടനിലം ആല്‍മാവ് മുക്കിലായിരുന്നു അപകടം. ജോയിക്കുട്ടിയും മകള്‍ ജോസിയും പടനിലത്തേക്ക് വരുമ്പോള്‍ ഇടപ്പോണ്‍ ഭാഗത്തേക്ക് അമിതവേഗത്തില്‍ വന്ന മിനി ടാങ്കറുമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന മൈല്‍ക്കുറ്റിയില്‍ തലയിടിച്ചാണ് ജോയിക്കുട്ടി മരിച്ചത്. ഇതേ സ്ഥലത്തുതന്നെ നിലനിന്നിരുന്ന പഴയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് ജോസി മരിച്ചത്. 25 വര്‍ഷമായി പാറ്റൂര്‍ ജംക്‌ഷനില്‍ സ്റ്റേഷനറി- ബേക്കറി വ്യാപാരം നടത്തിവരികയാണ് ജോയിക്കുട്ടി. ബിഎസ്‌സി ഫിസിക്സ് ബിരുദം പൂര്‍ത്തിയാക്കിയ ജോസി കണ്ണൂര്‍ എംജിഎം കോളജ് ഓഫ് ഫാര്‍മസിയില്‍ ഡി.ഫാം വിദ്യാര്‍ഥിനിയായി ചേര്‍ന്നത് കഴിഞ്ഞദിവസമാണ്. കോളജിലെ ആവശ്യത്തിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് വേണ്ടി പടനിലത്തുള്ള നൂറനാട് വില്ലേജ് ഓഫിസിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
25 വര്‍ഷമായി പാറ്റൂര്‍ ജംക്‌ഷനില്‍ സ്റ്റേഷനറി കട നടത്തി വരികയായിരുന്ന ജോയിക്കുട്ടി മകളുമായി ഒരിക്കലും മടങ്ങി വരാത്ത ലോകത്തേക്ക് യാത്ര പറഞ്ഞത് പ്രദേശവാസികള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം ഒരു കുടക്കീഴില്‍ എന്നു പറയുന്നതുപോലെ ‘അച്ചായന്റെ കട’യില്‍ ചെന്നാല്‍ എല്ലാം വാങ്ങാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു .ഒരു പെട്ടിഓട്ടോയുമായി പാറ്റൂരില്‍ എത്തിയ ജോയിക്കുട്ടി പിന്നീട് ഓട്ടോറിക്ഷ വാങ്ങി. ഇതിനുശേഷമാണ് ചെറിയ രീതിയില്‍ സ്റ്റേഷനറി കട തുടങ്ങിയത് .
പിന്നീട് ബേക്കറി, പലചരക്ക് സാധനങ്ങള്‍ അങ്ങനെ എല്ലാം കടയില്‍ ലഭിച്ചുതുടങ്ങിയപ്പോള്‍ പാറ്റൂര്‍ നിവാസികള്‍ക്ക് ജോയിയുടെ കട ‘അച്ചായന്റെ കട’യായി മാറി. ഭാര്യ ശാന്തമ്മയുമായി രാവിലെ കടയില്‍ എത്തിയാല്‍ രാത്രി ഒന്‍പതു മണിക്കാണ് മടങ്ങിപ്പോകുന്നത്. കൂട്ടായ്മ എന്ന അര്‍ഥമുള്ള ഫെലോഷിപ് എന്നാണ് കടയുടെ പേര്.
ഇരുവരുടെയും മൃതദേഹങ്ങള്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ഡ്രൈവര്‍ പന്തളം കുളനട പ്രവീണ്‍ ഭവനത്തില്‍ പ്രവീണിനെ (39) നൂറനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജോയിക്കുട്ടിയുടെ ഭാര്യ: ശാന്തമ്മ. മകന്‍: ജോസന്‍ തോമസ്.
Post Your Comments