കോഴിക്കോട്: കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ വീട്ടിലേക്ക് യാത്ര തിരിച്ചത് കൊവിഡ് പോസിറ്റീവ് ആയ ഭാര്യ കമലയ്ക്കൊപ്പമാണ്. ഇതേത്തുടർന്ന് വിവാദം തലപൊക്കിയിരിക്കുകയാണ്. പി പി ഇ കിറ്റ് പോലും ധരിക്കാതെയായിരുന്നു കമല ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. കാറിലെത്തിയ കമലയുടെ അടുത്തിരുന്നാണ് മുഖ്യൻ തിരികെ മടങ്ങിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ആകാമല്ലേയെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു മുഖ്യമന്ത്രിയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. കൊച്ചുമകൻ, സെക്യൂരിറ്റി, ഡ്രൈവർ എന്നിവർക്കൊപ്പമായിരുന്നു കമലയും എത്തിയത്. ആശുപത്രി വരാന്തയിലും വഴികളിലും പ്രവർത്തകരടക്കം നിരവധി പേർ അദ്ദേഹത്തെ യാത്രയയ്ക്കാൻ എത്തിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ഉയർന്ന പ്രോട്ടോക്കോൾ ലംഘന വിവാദത്തിൽ മറുപടി നൽകിയ ആരോഗ്യമന്ത്രി കെ കെ ശൈലജ എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഭാര്യ നടത്തിയ പ്രോട്ടോക്കോൾ ലംഘനത്തെ കുറിച്ച് വിശദീകരണം നടത്താത്തതെന്ന് ചോദിക്കുകയാണ് സോഷ്യൽ മീഡിയ. രോഗലക്ഷണമില്ലെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സർക്കാർ പറഞ്ഞതെന്നായിരുന്നു മുഖ്യൻ്റെ ഡിസ്ചാർജുമായി ബന്ധപ്പെട്ട് കെ.കെ ശൈലജ പ്രതികരിച്ചത്.
Post Your Comments