ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗനിർദേശം പുറത്തിറക്കി. യാത്രക്കാർ പ്രധാനമായും രണ്ട് കാര്യങ്ങൾ കർശനമായി പാലിക്കണമെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ പരിസരങ്ങളിൽ തുപ്പരുതെന്നും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. ഇക്കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. 2012ലെ ഇന്ത്യൻ റെയിൽവേയ്‌സ് ആക്ട് പ്രകാരമാണ് നടപടി സ്വീകരിക്കുക. രാജ്യത്ത് കോവിഡ് വ്യാപനം തുടർച്ചയായ മൂന്നാം ദിവസവും 2 ലക്ഷത്തിന് മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ റെയിൽവേ തീരുമാനിച്ചത്.
ട്രെയിനുകളിൽ യാത്ര ചെയ്യാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ്മ ഈ വാർത്തകൾ നിരസിച്ചു. യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമില്ലെന്നും പകരം കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ പാചകം ചെയ്ത ഭക്ഷണ വിതരണം റെയിൽവേ നിർത്തലാക്കിയിരുന്നു.
Post Your Comments