ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാനുള്ള പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ. പ്രധാനമായും രണ്ട് കാരണങ്ങളാണ് രോഗവ്യാപനം രൂക്ഷമായതിന് പിന്നിലെന്നും അതിതീവ്ര രോഗ വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി, ഫെബ്രുവരി മാസത്തോടെ രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചു. ഇതിനോടൊപ്പം കോവിഡ് കേസുകൾ കുറയുകയും ചെയ്തു. വാക്‌സിൻ എത്തുകയും രോഗ്യവ്യാപനം കുറയുകയും ചെയ്തതോടെ ജനങ്ങൾ ജാഗ്രത പാലിക്കുന്നതിൽ അലംഭാവം കാട്ടി. പിന്നീട് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും രോഗ വ്യാപനം അതിവേഗത്തിലാകുകയും ചെയ്തുവെന്ന് രൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.
രോഗവ്യാപനം ആരോഗ്യ രംഗത്തിന് മേൽ കടുത്ത സമ്മർദ്ദം ചെലുത്തകയാണെന്ന് എയിംസ് ഡയറക്ടർ പറഞ്ഞു. മെഡിക്കൽ ഓക്‌സിജനും വാക്‌സിൻ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്രത്തെ സമീപിച്ചത് ഇതിന് തെളിവാണ്.ഈ സാഹചര്യത്തിൽ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടൻ വർധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments