റായ്പൂർ: ഛത്തീസ്ഗഡിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ നാല് പേർ മരിച്ചു. മരിച്ചവരെല്ലാം കോവിഡ് രോഗികളാണ്. റായ്പൂരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം.
Also Read: കോവിഡ് പോരാട്ടത്തിന് മുന്നിട്ടിറങ്ങി ആർഎസ്എസ്; 450 കിടക്കകളുള്ള കോവിഡ് കെയർ സെന്റർ ആരംഭിച്ചു
ഇന്ന് വൈകുന്നേരമാണ് ആശുപത്രി കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. തീ അതിവേഗത്തിൽ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ ഒരാൾ പൊള്ളലേറ്റും ബാക്കി മൂന്ന് പേർ പുക ശ്വസിച്ചുണ്ടായ അസ്വസ്ഥതകളെയും തുടർന്നാണ് മരിച്ചതെന്ന് റായ്പൂർ എസ്പി അജയ് യാദവ് അറിയിച്ചു. ഫാനിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും ഇത് മറ്റ് വാർഡുകളിലേയ്ക്ക് പടരുകയായിരുന്നു എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തീപിടിത്തമുണ്ടായിട്ടും സുരക്ഷാ സംവിധാനങ്ങൾ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിയില്ല എന്ന കാര്യം അന്വേഷിക്കുമെന്നും ആശുപത്രി ഉടമകൾക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി. തീപിടിത്തമുണ്ടായതിന് പിന്നാലെ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയ ശേഷം കോവിഡ് രോഗികളെ സ്ഥലത്തുനിന്നും മാറ്റി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ അറിയിച്ചു.
Post Your Comments