ഹരിദ്വാര്‍: ലോകത്തിലെ ഏറ്റവും വലിയ മതപരമായ ഒത്തുകൂടലായ ഹരിദ്വാര്‍ കുംഭമേളയില്‍ അഞ്ചുദിവസത്തിനിടെ കോവിഡ് പോസിറ്റീവായത് 1701 പേര്. എണ്ണം 2000 കടക്കും. ഭക്തര്‍ക്കും വിവിധ സന്യാസസംഘങ്ങളിലെ യോഗികള്‍ക്കുമിടയില്‍ നടത്തിയ ആര്.ടി.പി.സി.ആര്, റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര് രോഗബാധിതരാണെന്നു കണ്ടെത്തിയത്.
നിലവിലെ അവസ്ഥ വച്ച് കൂടുതല്‍പ്പേര്‍ പോസിറ്റീവ് ആകാനാണ് സാധ്യത. ഋഷികേശ് ഉള്‍പ്പെടുന്ന ഹരിദ്വാര്‍, തെഹ്രി, ഡെറാഡൂണ്‍ ജില്ലകളിലായി 670 ഹെക്ടര്‍ പ്രദേശത്താണു കുംഭമേള നടക്കുന്നത്. ഏപ്രില്‍ 12നു തിങ്കള്‍ അമാവാസിയിലും ഏപ്രില്‍ പതിനാലിന് മകര സംക്രാന്തിയിലും രാജകീയ സ്നാനത്തില്‍ പങ്കെടുത്തത് 48.51 ലക്ഷം പേരാണ്. ഇവരിൽ കൂടുതലും സമൂഹവുമായി ബന്ധമില്ലാത്ത നാഗ സന്യാസിമാർ ആണ്.
അതേസമയം ഉത്തരാഖണ്ഡിൽ കോവിഡ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ്. ഇതിനിടെ രാജ്യത്തെ സ്ഥിതി ഗുരുതരമാണ്. തുടര്‍ച്ചയായി രണ്ട് ദിവസം രണ്ടുലക്ഷത്തിലേറെ കേസുകളുമായി ഇന്ത്യയില്‍ കോവിഡിന്റെ താണ്ഡവം. ബുധനാഴ്ച 2,00,569 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ആകെ 15,63,705 കോവിഡ് രോഗികളാണു രാജ്യത്ത് ചികിത്സയിലുള്ളത്.
ഇതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും രംഗത്തെത്തി.
read also: ഹെലികോപ്റ്റര്‍ അപകടം: യൂസഫലിയെ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ഉത്തര്‍ പ്രദേശ്, രാജസ്ഥാന്, കര്‍ണാടക, ഡല്‍ഹി സംസ്ഥാനങ്ങളില്‍ കുടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി. ദേശീയ പുരാവസ്തു സര്‍വേ വകുപ്പിന് കീഴിലുള്ള സ്മാരകങ്ങള്‍, മ്യൂസിയം എന്നിവ മേയ് 15 വരെ അടച്ചിടുന്നതായി കേന്ദ്ര സാംസ്കാരിക സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍ അറിയിച്ചു. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ വര്‍ധനയാണു ഇന്നലത്തേതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പത്തുദിവസം കൊണ്ടാണ് ഒരു ലക്ഷത്തില്‍നിന്ന് രണ്ടുലക്ഷത്തിലേക്ക് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയര്‍ന്നത്. ലോകത്താകെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 43.47 ശതമാനവും ഇന്ത്യയിലാണ്.
Post Your Comments