![](/wp-content/uploads/2021/04/untitled-5-3.jpg)
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാമെന്ന സിപിഎം തീരുമാനത്തിനെതിരെ ഇടത് അനുകൂലികൾ.. ഫേസ്ബുക്കിലെ ഇടതുപക്ഷ അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ് വിമര്‍ശനമുയരുന്നത്. ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് ആയിരുന്നില്ല, മറിച്ച് നിയമസഭയിലേക്ക് ആയിരുന്നു മത്സരിപ്പിക്കേണ്ടിയിരുന്നതെന്നാണ് ഒരു വിഭാഗം പറയുന്നത്. അദ്ദേഹത്തെ നിയമസഭയില്‍ മത്സരിപ്പിച്ച് മുഖ്യമന്ത്രിയാക്കേണ്ടിയിരുന്നുവെന്നും അതിനുള്ള എല്ലാ കഴിവും ബ്രിട്ടാസിനുണ്ട് എന്നുമാണ് ചിലർ പരിഹാസത്തോടെ കുറിക്കുന്നത്.
അതേസമയം, ബ്രിട്ടാസിനെ ഉള്‍ക്കൊള്ളേണ്ട സ്ഥിതിയല്ല പാര്‍ലമെന്റിന് ഇപ്പോള്‍ എന്നും കെ.കെ രാഗേഷ് തന്നെ വീണ്ടും വരണമെന്നായിരുന്നു മറ്റ് ചില കമന്റുകള്‍. പാര്‍ലമെന്റില്‍ ഒരു കമ്മ്യൂണിസ്റ്റിനെ പ്രതിനിധാനം ചെയ്യാന്‍ ബ്രിട്ടാസിന് യോഗ്യതയില്ലെന്നാണ് ചിലരുടെ വാദം. ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്.
പാര്‍ട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ പേര് ആദ്യം മുതല്‍ തന്നെ സജീവമായിരുന്നു. പല തവണ ബ്രിട്ടാസിനെ രാജ്യസഭയില്‍ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് തടസമായത്. ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയൻ ബ്രിട്ടാസിനെ പിന്തുണച്ചുവെന്നാണ് സൂചന. ഏപ്രില്‍ 16നാണ് രാജ്യസഭാ സീറ്റിലേക്കുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.
Post Your Comments