തിരുവനന്തപുരം: പാര്‍ട്ടിയിലെയും ഭരണപരമായ എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ തീരുമാനം നടപ്പിലാക്കുന്നതാകട്ടെ മുന്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇപ്പോഴത്തെ ആക്ടിംഗ് സെക്രട്ടറിയുടെ ചുമതലയിലുള്ളത് എ. വിജയരാഘവനാണ്. അതുകൊണ്ട് തന്നെ സി.പി.എമ്മിന്റെ കേരളത്തിലെ ദൈനംദിന ചുമതലകള്‍ നിറവേറ്റേണ്ടത് വിജയരാഘവനാണ്. എന്നാല്‍ ഉത്തരവാദിത്വങ്ങളൊന്നും തന്നെ മുഖ്യമന്ത്രി പിണറായി വിജയന് ഏല്‍പ്പിക്കുന്നില്ലെന്ന പരാതി വിജയരാഘവനുണ്ടെന്നാണ് സൂചന. കെ.ടി ജലീലിന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് ഇടപെട്ടത് ആക്ടിങ് സെക്രട്ടറിയുടെ അധികാരങ്ങളെ മാനിക്കാതെയാണ്. ഇതിന് അവസരമൊരുക്കിയതാകട്ടെ മുഖ്യമന്ത്രി പിണറായി വിജയനും.
ഇതോടെ താന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ രണ്ടാമന് കോടിയേരിയാണെന്ന സൂചനയാണ് പിണറായി നല്‍കുന്നത്. വിവാദ തീരുമാനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിണറായിയുടെ നയം പ്രഖ്യാപിക്കുക മാത്രമാണ് വിജയരാഘവന് ചെയ്യുന്നത്. മുഖ്യമന്ത്രി കോവിഡ് ചികിത്സയിലായതിനാല്‍ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനാണ് ജലീലുമായി കൂടിക്കാഴ്ച നടത്തി രാജിയിലെത്തിച്ചത്. പാര്‍ട്ടി തീരുമാനപ്രകാരം നീങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെയും നിര്‍ദ്ദേശം. തുടര്‍ന്നു ജലീല്‍ രാജിക്കത്ത് കൈമാറി. ഇത്തരമൊരു ദൗത്യം കോടിയേരിയെ പിണറായി ഏല്‍പ്പിച്ചത് ഭരണ തുടര്‍ച്ചയുണ്ടായാല്‍ കോടിയേരി സി.പി.എം സെക്രട്ടറിയായി തിരിച്ചെത്തുമെന്ന സന്ദേശം നല്കാന് കൂടിയാണ്.
പാര്‍ട്ടി ഭരണം എല്ലാ അര്‍ത്ഥത്തിലും കണ്ണൂര്‍ ലോബിയുടെ കൈയിലേക്ക് എത്തിക്കാനാണ് പിണറായിയുടെ നീക്കം. എം.എ ബേബിയും തോമസ് ഐസക്കും ഇ.പി ജയരാജനും പി ജയരാജനും ജി സുധാകരനും എല്ലാം പലവിധ അസ്വസ്ഥതകളിലാണ്. അതുകൊണ്ട് തന്നെ കോടിയേരിയെ പോലെ കരുത്തന് പാര്‍ട്ടി സെക്രട്ടറിയാകണമെന്നാണ് പിണറായിയുടെ ആഗ്രഹം. ലോകായുക്ത വിധി ഹൈക്കോടതി സ്റ്റേ ചെയ്താലും ജലീല്‍ രാജിവയ്ക്കണം എന്നതായിരുന്നു സിപിഎം നിലപാട്. ബേബിയും ജയരാജനും അടക്കമുള്ളവരുടെ ഇടപെടലാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
ഭരണ തുടര്‍ച്ചയുണ്ടായാല്‍ കോടിയേരി പാര്‍ട്ടി സെക്രട്ടറിയാകും. അങ്ങനെ വന്നാല്‍ ഇടതു കണ്‍വീനര്‍ സ്ഥാനം ഇ.പി ജയരാജന് കൊടുക്കാനും സാധ്യതയുണ്ട്. പാര്‍ട്ടി കാര്യങ്ങളെല്ലാം പിണറായി തീരുമാനിക്കുകയും കോടിയേരിയിലൂടെ അത് നടപ്പാക്കുകയും ചെയ്യുന്നുവെന്ന പരാതിയാണ് നിലവില്‍ സി.പി.എമ്മിലുള്ളത്.
Post Your Comments