ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ആറര ലക്ഷം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം പതിമൂന്ന് കോടി അൻപത്തിയൊൻപത് ലക്ഷം കടന്നിരിക്കുന്നു. മരണസംഖ്യ 29.38 ലക്ഷം പിന്നിട്ടു. നിലവിൽ രണ്ട് കോടി മുപ്പത്തിയാറ് ലക്ഷം പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തുടർച്ചയായ നാലാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞദിവസം 1.45 ലക്ഷം പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ പത്ത് ലക്ഷത്തിലധികം പേർ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ 72 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കർണാടക, യു.പി, കേരളം എന്നീ അഞ്ചു സംസ്ഥാനങ്ങളിലായാണ്. കോവിഡ് രോഗം ബാധിച്ച് മരണസംഖ്യ 1.69 ലക്ഷം കടന്നു.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ കഴിഞ്ഞ ദിവസം അരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി പതിനെട്ട് ലക്ഷമായി ഉയർന്നു. 5.75 ലക്ഷം പേർ മരിച്ചു. ബ്രസീലിൽ ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 3.51 ലക്ഷം പേർ മരിച്ചു.
Post Your Comments