തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചു. സ്പീക്കർ നിലവിൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണുള്ളത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്പീക്കർക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.
ഇന്നലെയാണ് ഡോളർക്കടത്ത് കേസിൽ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ വസതിയിൽ വെച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നുവെങ്കിലും തനിക്ക് സുഖമില്ലെന്ന് അദ്ദേഹം അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിൻ്റെ തിരുവനന്തപുരത്തെ വസതിയിൽ നേരിട്ടെത്തുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് സലിലിൻ്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
കഴിഞ്ഞ മാസം ഹാജരാകാനായി ആദ്യം സമൻസ് അയച്ചങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പോളിംങിന് ശേഷം ഹാജരാകാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതേത്തുടർന്ന് രണ്ടാമതും സമൻസ് അയച്ചു. വ്യാഴാഴ്ച കൊച്ചിയിൽ ഹാജരാകണമെന്നായിരുന്നു സമൻസിൽ വ്യക്തമാക്കിയിരുന്നത്. യു എ ഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന സ്വപ്നയുടെയും സരിതിൻ്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്.
Post Your Comments