നാദാപുരം: നരിക്കാട്ടേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കറ്റാറത്ത് അസീസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായഘട്ടത്തിലെന്ന് വടകര റൂറല്‍ എസ്.പി ഡോ. എ. ശ്രീനിവാസ്. അസീസിനെ മര്‍ദിക്കുന്ന ദൃശ്യം ചിത്രീകരിച്ച സഹോദരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. അസീസിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് പുനരന്വേഷണം ആരംഭിച്ചത്. നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആത്മഹത്യയായി എഴുതിത്തള്ളിയ കേസ് കൊലപാതകമാണെന്ന സൂചന നല്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുനരന്വേഷണം നടത്താന്‍ റൂറല്‍ എസ്.പി ഉത്തരവിട്ടത്.
അസീസ് മരിച്ച ദിവസം വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറെ വീണ്ടും ചോദ്യം ചെയ്യും. അസീസിന്റെ മരണം കൊലപാതകമാണോ എന്ന് 10 ദിവസത്തിനകം വ്യക്തമാകുമെന്നും എസ്.പി എ. ശ്രീനിവാസ് മാധ്യമങ്ങളോട് പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ വീട്ടുകാരില്‍നിന്ന് വെള്ളിയാഴ്ച ഉച്ചയോടെ മൊഴിയെടുത്തു. വീട്ടുകാര്‍ പഴയ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നാണ് വിവരം. വിദേശത്ത് കടന്ന സഹോദരന് സഫ്വാനെ രണ്ടു ദിവസം മുമ്പ് നാട്ടില്‍ എത്തിച്ചിരുന്നു.
ഇയാളെയും സംഭവസമയം വീട്ടിലുണ്ടായിരുന്ന സഹോദരിയെയും ശാസ്ത്രീയമായി ചോദ്യം ചെയ്താല്‍ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് നാട്ടുകാരും അയല്‍വാസികളും പറയുന്നത്. സാഹചര്യത്തെളിവുകളെല്ലാം കുടുംബത്തിന് എതിരായിട്ടും പൊലീസ് ശരിയായ അന്വേഷണം നടത്താന്‍ തയാറാകുന്നില്ലെന്ന് കര്‍മസമിതി പ്രവര്‍ത്തകരും ആക്ഷേപം ഉന്നയിച്ചിരുന്നു. അസീസ് കൊല്ലപ്പെടുന്ന കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് അയല്‍വാസിയായ കരയത്ത് ബിയ്യാത്തുവിന്റെ വീട്ടില്‍ നാലു കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് വിളിച്ചതിനെ തുടര്‍ന്ന് നാലുമണിക്ക് കാണാം എന്നു പറഞ്ഞാണ് ഉച്ചക്ക് കൂട്ടുകാരെ പിരിഞ്ഞത്. വീട്ടിലെത്തി 15 മിനിറ്റുകള്‍ക്കു ശേഷം മരണപ്പെട്ട വിവരമാണ് അറിയുന്നതെന്ന് ബിയ്യാത്തു പറഞ്ഞു. പഠിക്കാന്‍ മിടുക്കനായ അസീസിന് യാത്രക്കൂലിക്കാവശ്യമായ പണവും പലപ്പോഴായി ഇവര്‍ നല്‍കിയിരുന്നു.പത്താംക്ലാസ് പരീക്ഷ ഫലം വന്നാല്‍ ടൂറിന് പോകാനുള്ള പണം തരണമെന്ന് തന്നോട് ആവശ്യപ്പെട്ട അസീസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഇവര്‍ ഉറപ്പിച്ചുപറഞ്ഞു.
Post Your Comments