കണ്ണൂര്‍: അയോദ്ധ്യക്ക് പിന്നാലെ കാശിയിലും മസ്ജിദിനെ ചൊല്ലി തര്‍ക്കമുന്നയിച്ച സംഘപരിവാരിന്റെ പോക്ക് ഫാസിസത്തിലേക്കുള്ള യാത്ര തന്നെയാണെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. 1992 ല്‍ അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അയോദ്ധ്യയില്‍ വെച്ച് തന്നെ സംഘപരിവാര്‍ നേതാക്കള്‍ അടുത്തത് കാശിയും മഥുരയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നെന്നും എംവി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
Read Also : കൊവിഡ് വ്യാപനം : സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവിട്ട് സർക്കാർ
അയോധ്യയില്‍ നിന്നും കാശിയിലേക്കുള്ള യാത്ര
സംഘപരിവാരിന്റെ ഫാസിസത്തിലേക്കുള്ള യാത്ര തന്നെ
====================================
1992 ല്‍ അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ അയോദ്ധ്യയില്‍ വച്ച് തന്നെ സംഘപരിവാര്‍ നേതാക്കള്‍ അടുത്തത് കാശിയും മഥുരയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭൂമിപൂജ നടത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലയിട്ടപ്പോള്‍ മോദി മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയല്ലാതായി. മതരാഷ്ട്ര നിര്‍മ്മാണത്തിന്റെ ശിലയാണ് താന്‍ പാകിയതെന്നും ശിലാസ്ഥാപനം നടത്തിയ ദിനം സ്വാതന്ത്ര്യദിനമാണെന്നും പ്രഖ്യാപിച്ചു. സുപ്രീംകോടതിയാവട്ടെ ഈയിടെ ആരാധനാലയ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ നീക്കം ചെയ്യേണ്ടതാണെന്ന് അഭിപ്രായപ്പെട്ടു. ഇതെല്ലാമായപ്പോള്‍ ആവേശഭരിതരായ മതരാഷ്ട്ര നിര്‍മ്മാണ മോഹികള്‍ മറ്റു മത വിശ്വാസികളുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനാണ് ഇപ്പോള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
1947 ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ഏത് മതവിഭാഗമാണോ ആരാധാനാലയങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് അവരുടേതാണ് പ്രസ്തുത ആരാധനാലയങ്ങള്‍ എന്നതാണ് നിലവിലുള്ള നിയമം. സ്വാതന്ത്രത്തിനു മുമ്പ് തന്നെ കോടിതിയിലെ വ്യവഹാരത്തിലുണ്ടായിരുന്ന അയോദ്ധ്യ പള്ളിക്ക് ഇത് ബാധകമായിരുന്നില്ല. അയോദ്ധ്യ സംബന്ധിച്ച സുപ്രീംകോടതി വിധി വന്നു.വിമര്‍ശന വിധേയമായൊരു വിധി ആയിരുന്നു അത്. വിധി സമര്‍ത്ഥമായി സംഘപരിവാര്‍ ഉപയോഗിക്കുകയും പള്ളി പൊളിച്ച് ക്ഷേത്ര നിര്‍മ്മാണം അയോദ്ധ്യയില്‍ ആരംഭിക്കുകയും ചെയ്തു.
കാശിയിലെ ജ്ഞാന്‍ വാപി മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്ന അവകാശവാദവുമായി വാരണാസി സിവില്‍ കോടതിയെ സമീപിച്ചപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ നടത്താന്‍ കോടതി അനുമതി നല്‍കിയിരിക്കുകയാണ്.കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമാണ് പള്ളി. ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ച് 1669 ല്‍ മുഗള്‍ രാജാവ് ഔറംഗസേബ് സ്ഥാപിച്ചതാണ് പള്ളിയെന്നാണ് ആരോപണം. സ്വാതന്ത്രത്തിനു മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പുതുതായി ആരോപണം ഉന്നയിക്കുകയും അവകാശവാദവുമായി രംഗത്ത് വരികയും ചെയ്യുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്.
വര്‍ഗ്ഗീയ കലാപം സംഘടിപ്പിക്കാനാണ്. എല്ലാ ആരാധനാലയങ്ങളും മതവിശ്വാസികള്‍ക്ക് വേണ്ടിയാണ്.വിശ്വാസികള്‍ വര്‍ഗ്ഗീയവാദികളല്ല. കലാപം ആഗ്രഹിക്കുന്നുമില്ല. ക്ഷേത്രവും പള്ളിയും അടുത്തടുത്ത് ഉണ്ടാകുമ്പോള്‍ ഇരു മതവിശ്വാസികളും തമ്മില്‍ സ്‌നേഹവും സാഹോദര്യവും ഐക്യവുമാണുണ്ടാകേണ്ടത്. അതിന് പകരം വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന നടപടികള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികള്‍ സൃഷ്ടിക്കുകയാണ്. അത് തടയുക തന്നെ വേണം.
Post Your Comments