കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ ഞെട്ടിയ്ക്കുന്ന വിവരങ്ങളുമായി കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍. സഹോദരനെ ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് മുഹ്‌സിന്‍. 20തോളം പേര്‍ അടങ്ങിയ സംഘമാണ് ആക്രമിച്ചതെന്നും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ മുഹ്സിന്‍ പറഞ്ഞു.
തന്നെയാണ് ആദ്യം ലക്ഷ്യം വെച്ചിരുന്നതെന്നും പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് വെട്ടിയതെന്നും മുഹ്‌സിന്‍ പറഞ്ഞു. തന്നെ ആക്രമിക്കുന്നത് കണ്ടതിന് ശേഷമാണ് സഹോദരന്‍ മന്‍സൂര്‍ ഓടിയെത്തിയത്. തുടര്‍ന്ന് മന്‍സൂറിനെയും ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നിലവിളി ശബ്ദം കേട്ടപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ആക്രമികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അതില്‍ ഒരാളെ താന്‍ പിടിച്ച് വെച്ചു. പിടികൂടിയാളെ വിട്ടുകിട്ടാന്‍ പ്രതികള്‍ ബോംബെറിയുകയായിരുന്നുവെന്നും മുഹ്സിന്‍ പറഞ്ഞു.
കണ്‍മുന്നില്‍ വച്ചാണ് മകനെ വെട്ടി കൊലപ്പെടുത്തിയതെന്ന് കൊല്ലപ്പെട്ട മന്‍സൂറിന്‍റെ പിതാവ് അബ്ദുള്ള പറഞ്ഞു. ഒരു വലിയ സംഘമെത്തി മൂത്ത മകനെ വലിച്ചിറക്കി. തടയാന്‍ ചെന്ന ഇളയ മകനെ വെട്ടുകയായിരുന്നുവെന്നും അബ്ദുള്ള പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മന്‍സൂറിന് നേരേ ആക്രമണമുണ്ടായത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷമാണ് മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. സഹോദരന്‍ മുഹ്‌സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്‍റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ബുധനാഴ്ച ഒരു മണിയോടെയാണ് മന്‍സൂര്‍ മരിച്ചത്.
Post Your Comments