എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിടെ സി.പി.എം നേതാവും എം.പിയുമായ എ.എം ആരിഫ് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥിയായ അരിത ബാബുവിനെ അധിക്ഷേപിച്ചതായി ആരോപണം. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രസംഗത്തിനിടെ ‘ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല. കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്’ എന്നായിരുന്നു ആരിഫിന്‍റെ പരാമർശം.
ഇത് സ്ഥാനാർഥിയോടുള്ള വ്യക്തിപരമായ അധിക്ഷേപമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ അംഗവും, യു.ഡി.എഫ് സ്ഥാനാർഥിയുമായ അരിത ബാബു ക്ഷീരകര്‍ഷകയാണ്. പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ പ്രിയങ്ക ഗാന്ധി അരിതയുടെ പശുവളർത്തൽ കേന്ദ്രത്തിൽ എത്തിയിരുന്നു.
ആരോപണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ പരാതിയുമായി മുന്നോട്ട് പോകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. വിഷയത്തിൽ എ.എം. ആരിഫ് എം.പിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കായംകുളത്ത് എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ യു. പ്രതിഭയാണ് അരിത ബാബുവിന്റെ എതിർ സ്ഥാനാർഥി.
Post Your Comments