തൂങ്ങി മരിച്ച വിദ്യാര്‍ഥിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാദാപുരത്ത് 2020 മെയ് മാസത്തില്‍ വീടിനകത്ത് തൂങ്ങി മരിച്ച വിദ്യാര്‍ഥിയുടേതെന്ന് കരുതുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത് അസീസിനെയാണ് 2020 മെയ് 17ന് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാള്‍ വിദ്യാര്‍ഥിയുടെ കഴുത്ത് മുറുക്കുന്നതാണ് ദ്യശ്യത്തിലുള്ളത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണം നടന്ന ഉടനെ തന്നെ വിദ്യാര്‍ത്ഥിയുടെ മാതാവിന്‍റെ ബന്ധുക്കള്‍ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് നീങ്ങിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആത്മഹത്യയെന്ന നിലയില്‍ കേസ് അവസാനിപ്പിച്ചിരുന്നു.
പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലാണ് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ഒരു ദൃശ്യം പുറത്തുവന്നത്. സഹോദരന്‍ സഫ്‍വാന്‍ അസീസിന്‍റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഏകദേശം മൃതപ്രായനായി സഫ്‍വാന്‍റെ മടിയില്‍ കിടക്കുന്ന അസീസിനെ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
നേരത്തെ അസീസിന്‍റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ആക്ഷന്‍ കമ്മിറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം മെയില്‍ ഫാനില്‍ ഒരു ലുങ്കിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാന്‍ കാലമായിരുന്നു അത്. പകല്‍ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതിലാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.
വീട്ടില്‍ ആ സമയത്ത് വേറെയും ആളുകള്‍ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്നു ടൈലറിംഗ് മെഷീന്‍ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളില്‍ കയറിയാണ് കുട്ടി ഫാനില്‍ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണമൊന്നും നാട്ടുകാര്‍ക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടാണ് അന്നേ മരണത്തില്‍ നാട്ടുകാര്‍ അന്വേഷണം ആവശ്യപ്പെട്ടത് എന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിനിധി പറയുന്നു.
കുടുംബവഴക്കുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ സഹായത്തോടെ സഫ്‍വാനെന്ന സഹോദരന്‍ അസീസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് ആക്ഷന്‍ കമ്മിറ്റിയുള്ളത്. വീഡിയോ പകര്‍ത്തിയത് വീട്ടിലുള്ള മറ്റാരോ ആണ് എന്നതും അസീസിന്‍റെ മരണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണെന്ന് ആക്ഷന്‍ കമ്മിറ്റി പറയുന്നതായി മീഡിയ വൺ ആണ് റിപ്പോർട്ട് ചെയ്യുന്നത്.
Post Your Comments