Latest NewsKeralaNews

കോന്നി പോരിനൊരുങ്ങി മുന്നണികൾ; ഹെലികോപ്റ്ററില്‍ പറന്നിറങ്ങി സുരേന്ദ്രന്‍; ചരിത്രവിധി വിവാദ വിധിയായി മാറുമ്പോൾ…

എന്‍ഡിഎയുടെ പ്രധാന പോരാളിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായാണ് കെ സുരേന്ദ്രന്‍ ഇത്തവണ കോന്നിയില്‍ രണ്ടാമങ്കത്തിനെത്തുന്നത്.

കോന്നി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് വേദികളിലൊന്നാണ് കോന്നി. എല്‍ഡിഎഫ് – യുഡിഎഫ് – എന്‍ഡിഎ ത്രികോണ പോരാട്ടം പ്രവചിക്കപ്പെടുന്ന മണ്ഡലം മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് അടൂര്‍ പ്രകാശിന്റെ കോട്ടയായിരുന്ന കോന്നി 2016-ലെ ഇടതുതരംഗത്തില്‍ പോലും ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് നല്‍കിയത്. എന്നാല്‍ 2019-ഓടെ മണ്ഡലത്തിലെ കഥമാറി. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥാനമൊഴിഞ്ഞ് പാര്‍ലമെന്റിലേക്ക് പോയി. തുടര്‍ന്ന ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. യുവതീപ്രവേശനവും ആചാര സംരക്ഷണ പ്രക്ഷോഭങ്ങളുമായി പ്രക്ഷുബ്ദമായ കാലാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ആചാരസംരക്ഷണത്തിനുവേണ്ടി വോട്ടുചോദിച്ചു.

എന്നാൽ കാല്‍ നൂറ്റാണ്ടിലധികം കാലം ഒപ്പം നിന്ന സിറ്റിംഗ് മണ്ഡലത്തില്‍ യുഡിഎഫിനും അട്ടിമറി ഭയമുണ്ടായിരുന്നില്ല. പക്ഷേ സര്‍ക്കാരിനുള്ള മറുപടിയാകുമെന്ന് യുഡിഎഫ് – എന്‍ഡിഎ മുന്നണികള്‍ പ്രവചിച്ച മണ്ഡലത്തില്‍ ഫലമെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജെനീഷ് കുമാര്‍ 9953 വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിന്റെ പി മോഹന്‍ രാജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആ അപ്രതീക്ഷിത തോല്‍വിയോടെ ജില്ലയിലെ അവസാന മണ്ഡലം കൂടിയായിരുന്നു കോണ്‍ഗ്രസിന് കൈവിട്ടുപോയത്.

Read Also: ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മാർഗ രേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

അതേസമയം, അവകാശപ്പെട്ടതുപോലെ വിജയത്തിലെത്താനായില്ലെങ്കിലും 2016-ലെ പതിനാറായിരത്തില്‍പരം വോട്ടുകളില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം വോട്ടുകളിലേക്കായിരുന്നു ബിജെപിയുടെ വളര്‍ച്ച. കെ സുരേന്ദ്രന്‍ താര സ്ഥാനാര്‍ത്ഥി പദത്തിലേക്കെത്തിയ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തിലേക്ക് 3.14 ശതമാനം വോട്ടുകളുടെ ദൂരമായിരുന്നു ബിജെപിക്കുണ്ടായത്. അതോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കോന്നി. വരുന്ന പൊതുതെരഞ്ഞെടുപ്പിലും ശബരിമല വിഷയം തന്നെ വീണ്ടും പ്രധാന ചര്‍ച്ചയാക്കുന്ന യുഡിഎഫ് – എന്‍ഡിഎ മുന്നണികളെ തള്ളി കോന്നി ഉറപ്പിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയ ഘട്ടം മുതല്‍ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് തന്ത്രങ്ങള്‍ മെനയുന്നത്. എന്‍ഡിഎയുടെ പ്രധാന പോരാളിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായാണ് കെ സുരേന്ദ്രന്‍ ഇത്തവണ കോന്നിയില്‍ രണ്ടാമങ്കത്തിനെത്തുന്നത്. ഇത്തവണ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച് വിജയിക്കാനുള്ള എല്ലാ സാധ്യതയും പരീക്ഷിക്കുന്ന സുരേന്ദ്രനുവേണ്ടി പ്രധാനമന്ത്രി തന്നെ കോന്നിയിലെ തെരഞ്ഞെടുപ്പ് വേദിയില്‍ ശരണം വിളിക്കുകയും ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button