ഇടുക്കി: ദേവികുളം, ഉടുമ്പൻചോല മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനെതിരെ പരാതിയുമായി ഉദ്യോഗസ്ഥർ. നിരീക്ഷകനായ നരേഷ് കുമാർ ബൻസാലിനെതിരെയാണ് ഉദ്യോഗസ്ഥർ പരാതി നൽകിയിരിക്കുന്നത്. നരേഷ് കുമാറിന്റെ കീഴിൽ ജോലി ചെയ്യുന്ന 42 ഉദ്യോഗസ്ഥരാണ് ഒപ്പിട്ട് പരാതി നൽകിയത്. നരേഷ് കുമാർ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും സൗജന്യങ്ങൾ കൈപ്പറ്റുന്നതായുമാണ് പരാതിയിലെ ആരോപണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കുമാണ് ഉദ്യോഗസ്ഥർ പരാതി നൽകിയത്.
ചില കടകളിൽ പോയി വിലകൂടിയ സാധനങ്ങൾ വാങ്ങുന്ന ഇയാൾ പണം നൽകാറില്ല. നരേഷ് വാങ്ങുന്ന സാധനങ്ങളുടെ പണം നൽകാൻ കീഴുദ്യോഗസ്ഥർ നിർബന്ധിതാരാവുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
സ്ഥാനാർഥികളെയും പോളിങ് ഏജന്റുമാരെയും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. കീഴുദ്യോഗസ്ഥരോട് ഷൂ പോളിഷ് ചെയ്തു തരാൻ പലതവണ ഇയാൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്ക് അനുകൂലമായി സംസാരിക്കുകയും വീഡിയോ നിരീക്ഷണ സംഘത്തിന്റെ വാഹനം നിർബന്ധപൂർവം പിടിച്ചുവാങ്ങി കുടുംബസമേതം മധുരയിലേക്ക് ഉല്ലാസയാത്ര നടത്തുകയും ചെയ്തു. ഗസ്റ്റ്ഹൗസിലെ താമസ സൗകര്യം പോരെന്നും സ്വകാര്യ ഹോട്ടലിലേക്ക് താമസം മാറ്റണമെന്നും ആവശ്യപ്പെട്ട് ഭീഷണി ഉയർത്തിയെന്നും പരാതിയിൽ പറയുന്നു.
Post Your Comments