വിസ്മയങ്ങളുടെ കലവറയാണ് സമുദ്രങ്ങൾ. അത്തരത്തിലുള്ള ഒരു അത്ഭുതത്തിനാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മ്യുസെൻബർഗ് ബീച്ച് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നൂറുക്കണക്കിന് മീനുകളാണ് മ്യുസെൻബർഗ് കടത്തീരത്ത് ചത്തൊടുങ്ങിയത്. എന്നാൽ കടൽത്തീരത്തടഞ്ഞത് സാധാരണ മത്സ്യങ്ങളായിരുന്നില്ല. ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യങ്ങളിലൊന്നായ പഫർഫിഷുകളായിരുന്നു കടൽത്തീരത്തടിഞ്ഞത്.
Read Also: ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
പഫർഫിഷിന്റെ വിഷം സയനൈഡിനേക്കാൾ മാരകമാണ്. ടെട്രോഡോറ്റോക്സിൻ എന്ന ഈ വിഷം ഉള്ളിലെത്തിയാൽ ഡയഫ്രത്തിന്റെ പ്രവർത്തനം സ്തംഭിക്കുകയും ശ്വസനപ്രക്രിയ തടസപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യും. ചത്ത മീനിലും വിഷാംശം ഉണ്ടായിരിക്കും. ഹൃദയസ്തംഭനത്തിനിടയാക്കുന്നതിനാൽ മരണം ഉറപ്പായതിനാൽ പഫർഫിഷ് ഭക്ഷ്യയോഗ്യമല്ല.
ടെസ് ഗ്രിഡ്ലി എന്ന ഡോക്ടർ കുടുംബത്തോടൊപ്പം ബീച്ചിൽ കറങ്ങാനെത്തിയപ്പോഴാണ് പഫർഫിഷുകൾ തീരത്തടിഞ്ഞ കാഴ്ച്ച കണ്ടത്. ഉടൻ തന്നെ അദ്ദേഹം അധികൃതരെ വിവരം അറിയിച്ചു. പരിസ്ഥിതി, വനം, ഫിഷറീസ് വകുപ്പിലെ വിദഗ്ധർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തീരത്തടിഞ്ഞത് പഫർഫിഷുകളാണെന്ന് കണ്ടെത്തിയത്.
വളർത്തു മൃഗങ്ങളെ ബീച്ചിലേക്ക് കൊണ്ടുവരരുതെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കരയ്ക്കടിഞ്ഞ വിഷമത്സ്യത്തെ ഭക്ഷിച്ചതിനെ തുടർന്ന് ഒരു വളർത്തുനായ ചത്തതായി പ്രാദേശിക സന്നദ്ധസംഘടനയായ ആഫ്രിഓഷ്യൻസ് കൺസർവേഷൻ അലയൻസ് അറിയിച്ചു. മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന്റെ കാരണം വ്യക്തമായിട്ടില്ല. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകൂവെന്നാണ് അധികൃതർ അറിയിക്കുന്നത്.
Post Your Comments