ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി കടന്നു. ആറ് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 28.50 ലക്ഷം കടന്നിരിക്കുന്നു. പത്ത് കോടിയിലധികം പേർ രോഗമുക്തി നേടി.
അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പതിമൂന്ന് ലക്ഷം കൊറോണ വൈറസ് രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 5.67 ലക്ഷം കടന്നിരിക്കുന്നു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേർ രോഗമുക്തി നേടി.
ബ്രസീലിൽ ഒരു കോടി ഇരുപത്തിയൊൻപത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ രണ്ടായിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3.28 ലക്ഷമായി.ഇന്ത്യയിൽ രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എൺപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 4.56 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. നിലവിൽ 6.14 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 1.66 ലക്ഷമായി ഉയർന്നു.
Post Your Comments