
ന്യൂഡൽഹി: പ്രതിദിന കോവിഡ് വാക്സിൻ വിതരണത്തിൽ രാജ്യത്ത് പുതിയ റെക്കോഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം വിതരണം ചെയ്തത് 36.7 ലക്ഷത്തിൽ അധികം ഡോസുകൾ ആണ്. കോവിഡ് വാക്സിൻ വിതരണത്തിന്‍റെ 76ാം ദിവസമായ 2021 ഏപ്രിൽ ഒന്നിന് 36,71,242 ഡോസുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തിരിക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ പ്രകാരം, 11,37,456 സെഷനുകളിലായി 6.87 കോടി ഡോസുകളാണ് (6,87,89,138) രാജ്യത്തുടനീളം ഇതുവരെ വിതരണം ചെയ്തിരിക്കുന്നതും.
മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, പഞ്ചാബ്, തമിഴ്നാട്, കേരളം, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നു. പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 81.25 ശതമാനവും ഈ എട്ട് സംസ്ഥാനങ്ങളിൽ നിന്നാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,466 പേർക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ പേർ (43,183) മഹാരാഷ്ട്രയിലാണ് ഉള്ളത്. ഇതോടെ രാജ്യത്തെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6,14,696 ആയി ഉയർന്നിരിക്കുന്നു. ഇത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 5% ആണ്. മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഡ്, കേരളം, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ ആണ് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ 77.91 ശതമാനവും.
രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത് 1,15,25,039 പേരാണ്. 93.68% ആണ് നിലവിലെ ദേശീയ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 50,356 പേർ രോഗ മുക്തരായി. 469 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 83.16 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. 249 പേർ മരണമടഞ്ഞ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments