KeralaLatest NewsIndia

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവര്‍ ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു

ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.

ലോകത്തെങ്ങുമുള്ള ക്രൈസ്തവര്‍ വിശുദ്ധിയുടെയും ത്യാഗത്തിന്‍റെയും സ്മരണയില്‍ ഇന്ന് പെസഹ വ്യാ‍ഴം ആചരിക്കും. ക്രിസ്തു ദേവന്‍റെ അന്ത്യ അത്താ‍ഴത്തിന്‍റെ ഓര്‍മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ പെസഹ വ്യാ‍ഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കും.

പ്രത്യേക പ്രാര്‍ത്ഥനകളും. ത്യാഗത്തിലൂടെയല്ലാതെ വിശുദ്ധിയിലെത്താന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പെസഹ സന്ദേശത്തില്‍ പറഞ്ഞു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച്‌ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകളും കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. ദേവാലയങ്ങളിലും വീടുകളിലും വൈകിട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയും ഉണ്ടാകും.

പാളയം സെന്റ് ജോസഫ്സ് മെട്രോ പൊളിറ്റന്‍ കത്തീഡ്രലില്‍ പെസഹവ്യാഴ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം നേതൃത്വം നല്‍കും. വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലി, രാത്രി 8 മുതല്‍ 12 വരെ ദിവ്യകാരുണ്യ ആരാധന. ദുഃഖവെള്ളി ദിവസം രാവിലെ 7ന് കുരിശിന്റെ വഴി, വൈകിട്ട് 3ന് പീഡാസഹനാനുസ്മരണം, കുരിശാരാധന, വൈകിട്ട് 6ന് കുരിശിന്റെ വഴി എന്നിവയുമുണ്ടാകും.

പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ രാവിലെ 8 മുതല്‍ ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 3ന് കാല്‍കഴുകല്‍ ശുശ്രൂഷ, പെസഹാ കുര്‍ബാന. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ നേതൃത്വം നല്‍കും. ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ 8ന് ആരംഭിക്കും.

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ വൈകിട്ട് 5.30ന് തിരുവത്താഴ ദിവ്യബലി. ദുഃഖവെള്ളി ദിനത്തില്‍ വൈകിട്ട് 3 മുതല്‍ പീഡാസഹനാനുസ്മരണ തിരുകര്‍മങ്ങള്‍, കുരിശിന്റെ വഴി.

പി.എം.ജി ലൂര്‍ദ് ഫെറോന പള്ളിയില്‍ വൈകിട്ട് 3ന് കുര്‍ബാന. 6 മുതല്‍ പെസഹാ തിരുകര്‍മങ്ങള്‍. വെള്ളി വൈകിട്ട് 3 മുതല്‍ പീഡാനുഭവ തിരുകര്‍മങ്ങള്‍. തുടര്‍ന്ന് കുരിശിന്റെ വഴിയും നഗരി കാണിക്കലും ഉണ്ടാകും.

പേട്ട സെന്റ് ആന്‍സ് ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ ഇന്ന് വൈകിട്ട് 5.30ന് ആരംഭിക്കും. പാളയം എം.എം പള്ളിയില്‍ വൈകിട്ട് 6.30ന് ശുശ്രൂഷകള്‍ ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 8.30ന് ദുഃഖവെള്ളി ശുശ്രൂഷകള്‍.

പേരൂര്‍ക്കട തെക്കന്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ പുലര്‍ച്ചെ 3ന് പ്രഭാതനമസ്‌കാരം, 4.30ന് കുര്‍ബാന, 6.30ന് നേര്‍ച്ച വിതരണം. ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പുലര്‍ച്ചെ 3ന് പെസഹാ ശുശ്രൂഷകളും വെള്ളിയാഴ്ച രാവിലെ 8ന് ദുഃഖവെള്ളി ശുശ്രൂഷയും ആരംഭിക്കും.

പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍ ഇന്ന് രാവിലെ 7.30നും ദുഃഖവെള്ളി ദിവസം രാവിലെ 9നും കുര്‍ബാനയുണ്ടാകും.

shortlink

Post Your Comments


Back to top button