പാലക്കാട്: എല്‍ ഡി എഫ്- യു ഡി എഫ് ഫിക്‌സ്‌ഡ് മത്സരം ഇത്തവണ കേരളം തളളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവവോട്ടര്‍മാര്‍ എല്‍ ഡി എഫിലും യു ഡി എഫിലും നിരാശരാണ്. പുതിയ വോട്ടര്‍മാര്‍ ഇരുമുന്നണികളുടെയും മാച്ച് ഫിക്‌സിംഗ് മത്സരത്തെ എതിര്‍ക്കുന്നു. അഞ്ച് വര്‍ഷം കൂടുന്തോറും ഇരുമുന്നണികളും കേരളത്തെ കൊളളയടിക്കുകയാണ്. ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും കോണ്‍ഗ്രസും ഒറ്റക്കെട്ടാണ്. അണിയറയിലെ നാടകങ്ങളെല്ലാം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.
സൂര്യന്റെ രശ്‌മികളെ പോലും യു ഡി എഫുകാര്‍ വെറുതെ വിട്ടില്ല. സ്വര്‍ണക്കട്ടിയ്‌ക്ക് വേണ്ടി ബൈബിളിലെ യൂദാസിനെ പോലെ കേരളത്തെ എല്‍ ഡി എഫുകാര്‍ ഒറ്റുകൊടുത്തെന്നും പ്രധാനമന്ത്രി ആരോപിച്ചു. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വത്ക്കരണം ഈ രോഗങ്ങളുടെയെല്ലാം അടിസ്ഥാനകാരണം വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. ഈ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ രാജാക്കന്മാരാണ് എല്‍ ഡി എഫും യു ഡി എഫും. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തി കീശ വീര്‍പ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി ജെ പി കേരളത്തെ കുറിച്ച് വിഭാവനം ചെയ്യുന്നത് പുരോഗമനപരമായ ആശയമാണ്. വ്യത്യസ്‌ത തുറകളില്‍പ്പെടുന്ന പ്രൊഫഷണലുകളായി ആളുകള്‍ ബി ജെ പിയിലേക്ക് ആകൃഷ്‌ടരാവുന്നത് അതുകൊണ്ടാണ്. മെട്രോമാന്‍ ശ്രീധരന്‍ ജീവിതത്തില്‍ എല്ലാം നേടിയ മനുഷ്യനാണ്. ഇന്ത്യയെ ആധുനികവത്കരിക്കുന്നതില്‍ നേട്ടം കൈവരിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തിന്റെ പുരോഗതിയ്‌ക്ക് വേണ്ടി ശ്രീധരന്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. കേരളത്തിന്റെ അഭിമാനിയായ മകനാണ് ശ്രീധരനെന്നും മോദി പറഞ്ഞു.
അധികാരം ആയിരുന്നു ആഗ്രഹമെങ്കില്‍ ശ്രീധരന് അത് ഇരുപത് വര്‍ഷം മുമ്പ് ആകാമായിരുന്നു. ഉത്സാഹവും ആവേശവും നല്‍കുന്ന വ്യക്തിത്വമാണ് ശ്രീധരന്റേതെന്നും മോദി പറഞ്ഞു. വിമാന മാര്‍ഗം കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി അവിടെനിന്നും ഹെലികോപ്റ്ററില്‍ പാലക്കാട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വന്നിറങ്ങുകയായിരുന്നു. നഗരസഭാദ്ധ്യക്ഷ പ്രിയ അജയന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുടര്‍ന്ന് റോഡ് മാര്‍ഗം സമ്മേളന വേദിയായ കോട്ടമൈതാനത്തെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ 12 നിയോജകമണ്ഡലങ്ങളില്‍ നിന്നുളള എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Post Your Comments