KeralaNattuvarthaLatest NewsNews

കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്തതിലെ വീഴ്ചയെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ‘ക്യാപ്ടന്‍’ ആക്കി കൊണ്ടുള്ള സൈബര്‍ പോസ്റ്റുകൾ തുടങ്ങുന്നത് 2018ലെ മഹാപ്രളയത്തിന് ശേഷമാണ്. ഈ പ്രളയകാലത്ത് കേരള ജനതയെ ഒരുമിപ്പിച്ചു നിന്നു രക്ഷകനായ നേതാവാണ് പിണറായി എന്നാണ് ഇടതു സൈബര്‍ ലോകം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, കേരള ജനതയെ ദുരിതത്തില്‍ ആക്കിയ പ്രളയം സര്‍ക്കാറിന്റെ കെടുകാര്യസ്ഥത മൂലം ഉണ്ടായതാണെന്ന ആക്ഷേപവും ശക്തമായിരുന്നു. ഡാം മാനേജ്‌മെന്റിലെ വീഴ്‌ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും ‘ക്യാപ്ടന്‍’ ആക്കുമ്പോള്‍ തിരിച്ചടിയായുള്ള സുപ്രധാന റിപ്പോര്‍ട്ടു കൂടി പുറത്തുവന്നു. സര്‍ക്കാര്‍ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

Also Read:യു.എ.ഇയുടെ കോവിഡ് വാക്സിൻ ‘ഹയാത്ത്’ ഉടന്‍ പുറത്തിറങ്ങും

കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. മലയാള മനോരമയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിര്‍മ്മാണ രേഖയില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉല്‍പാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്.

പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്‌ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. ഫ്‌ളഡ് കുഷന്‍ അളവായ 110.42 മില്യന്‍ ക്യുബിക് മീറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആദ്യഘട്ടത്തില്‍ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിലും മുഴുവന്‍ ശേഷിയില്‍ ഫ്‌ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ല. വെള്ളപ്പൊക്ക സമയത്ത് ലോവര്‍ പെരിയാര്‍ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവര്‍ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാര്‍ പവര്‍ ഹൗസില്‍ 2018 ഓഗസ്റ്റ് 16 മുതല്‍ 18 വരെ വൈദ്യുതി ഉല്‍പാദിപ്പിച്ചിരുന്നില്ലെന്നും വാര്‍ത്തയില്‍ പറയുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഇന്റര്‍ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച് വകുപ്പിലെ പി.പി.മജുംദാര്‍, ഐഷ ശര്‍മ, ആര്‍.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്. മഹാപ്രളയവേളയില്‍ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.

പ്രളയാനന്തര കേരളത്തിലെ ജനനായകനായി മുഖ്യമന്ത്രി പിണറായി വിജയനെ ഉയര്‍ത്തികാട്ടിയപ്പോള്‍ തന്നെയായിരുന്നു നേരത്തെ അമിക്കസ് കൂറി റിപ്പോര്‍ട്ടു പുറത്തുവന്നത്. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ പ്രളയകാലത്തെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ സംവിധാനമാണ്. സര്‍ക്കാരും കേന്ദ്ര ജലകമ്മിഷന്‍, ദേശീയ ദുരന്തനിവാരണ സമിതി തുടങ്ങിയ അധികാരികളും പുറപ്പെടുവിച്ച ഡാം സുരക്ഷ, പ്രളയ കൈകാര്യ മാര്‍ഗരേഖകള്‍ കേരളത്തിലെ അണക്കെട്ടുകളില്‍ നടപ്പാക്കിയില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ഡാമുകള്‍ പ്രവര്‍ത്തിപ്പിച്ചതു മാര്‍ഗരേഖയനുസരിച്ചല്ലെന്നും ‘അമിക്കസ് ക്യൂറി’ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതായത് ആലുവ അടക്കമുള്ള സ്ഥലങ്ങള്‍ മുങ്ങി താഴാനുള്ള കാരണം സര്‍ക്കാര്‍ വീഴ്ചയാണെന്ന് സമ്മതിക്കുന്നു. ഈ കണ്ടെത്തലെല്ലാം പ്രതിപക്ഷത്തിന്റെ പ്രചരണായുധങ്ങളാണ്. ഇതിന് ഡാമില്ലാത്ത മലപ്പുറത്ത് എങ്ങനെ വെള്ളം പൊങ്ങിയെന്ന ചോദ്യവുമായി പ്രതിരോധത്തിന് എത്തുകയാണ് സര്‍ക്കാര്‍. പേമാരി അതിശക്തമായിരുന്നുവെന്നതാണ് വസ്തുത. മുമ്ബില്ലാത്ത വിധം വെള്ളം പൊങ്ങി. അത് മലപ്പുറത്തും പ്രശ്നമുണ്ടാക്കി. അത് സാധാരണ മഴയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ മാത്രമായിരുന്നു. ഉരുള്‍പൊട്ടലും മറ്റുമുണ്ടാക്കിയ സ്വാഭാവിക പ്രശ്നങ്ങള്‍. എന്നാല്‍ ചെങ്ങന്നൂരും ആലുവയിലും ഉണ്ടായത് മനുഷ്യ നിര്‍മ്മിത ദുരന്തമെന്നാണ് അമിക്കസ് ക്യൂറി വ്യക്തമാക്കിയത്.

അപകടസാധ്യതയെക്കുറിച്ച്‌ ജൂലൈ അവസാനം തന്നെ കൃത്യമായ വിവരം ലഭിച്ചിട്ടും ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് കെഎസ്‌ഇബി വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. ഇതേക്കുറിച്ച്‌ അടക്കം വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് അമിക്കസ് ക്യൂറിയായ ജേക്കബ് പി. അലക്സിന്റെ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button