ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയെട്ട് ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാല് ലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി എൺപത്തിരണ്ട് ലക്ഷം കടന്നു. നിലവിൽ രണ്ട് കോടി പത്തൊൻപത് ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. ഇന്നലെ 68,000ത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗനിരക്കാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത് ലക്ഷം കടന്നിരിക്കുന്നു. നിലവിൽ 5.21 ലക്ഷം പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 291 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1.61 ലക്ഷം പിന്നിട്ടു.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പത്ത് ലക്ഷം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതൽ പേർ മരിച്ചതും യുഎസിലാണ്. 5.63 ലക്ഷം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാൽപതിനായിരത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3.14 ലക്ഷമായി ഉയർന്നു. ഒരു കോടി പേർ രോഗമുക്തി നേടി.
Post Your Comments