ബീഫ് നിരോധനവുമായി ബന്ധപ്പെട്ടുള്ള കൃഷ്ണകുമാറിന്റെ പ്രതികരണം ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം മകളും നടിയുമായ അഹാന കൃഷ്ണ ബീഫ് വിഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതോടെ ഇവ രണ്ടും ചേർത്തുള്ള ട്രോളുകളും പ്രചരിച്ചു തുടങ്ങി.ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാനയുടെ പ്രതികരണം. തന്റെ പിതാവ് സെൻസിബളായ ആളാണ്. എന്നാൽ വിടുവായത്തം പറയുന്ന ആളല്ലെന്ന് നടി കുറിച്ചു.’ഞാനും അച്ഛനും രണ്ട് വ്യക്തികളാണ്. വ്യത്യസ്തമായ അഭിപ്രായങ്ങൾ വച്ചുപുലർത്താൻ അവകാശമുണ്ട്. കുറച്ചു കാലമായി ഞാനെന്തു പറഞ്ഞാലും അതെന്റെ കുടുംബത്തിന്റെ അഭിപ്രായമാക്കി മാറ്റുന്നു. എന്റെ പിതാവ് എന്ത് അഭിപ്രായം പറഞ്ഞാലും അത് എന്റെ അഭിപ്രായമാക്കി മാറ്റുന്നു.’മീമും വാർത്തയും ഒക്കെ നല്ലതാ, പക്ഷെ ഒരൽപം മര്യാദ? പ്ളീസ് ഡാ’ എന്നും അഹാന മറ്റൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
തന്റെ പിതാവ് ബീഫ് വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് അഹാന പറയുന്നു. കൃഷ്ണകുമാറിന്റെ അഭിമുഖത്തിന്റെ കുറച്ച് ഭാഗം പങ്കുവച്ചു കൊണ്ടാണ് നടിയുടെ പ്രതികരണം. ചില ആരോഗ്യപ്രശ്നങ്ങൾ കാരണം പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്ന് കൃഷ്ണ കുമാർ പറയുന്ന വീഡിയോയാണ് അഹാന പങ്കുവച്ചത്.
താൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബീഫ് വിഭവത്തെക്കുറിച്ചുള്ള ട്രോളുകളുമായി ബന്ധപ്പെട്ടും നടി പ്രതികരിച്ചു. പോസ്റ്റ് ചെയ്ത ബീഫ് സിനിമ പ്രൊഡക്ഷൻ ടീമിൽ പാകം ചെയ്തതാണെന്ന് നടി പറയുന്നു. അമ്മ തനിക്ക് ബീഫ് ഉണ്ടാക്കി തരാറുണ്ടെന്ന തരത്തിലായിരുന്നു വാർത്ത പ്രചരിച്ചത്. എന്നാൽ അങ്ങനെ താൻ പോസ്റ്റിൽ എഴുതിയിട്ടില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നും നടി വ്യക്തമാക്കി.
Post Your Comments