കൊല്ലം: ‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചെത്തിയതാ, പിന്നെ കണ്ടിട്ടില്ലല്ലോ?’ ചോദ്യം കൊല്ലത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി മുകേഷിനോടാണ്. ചോദിക്കുന്നത് കൊല്ലത്തെ വീട്ടമ്മമാരും. ഇതോടെ, ഒരു പരാതിയും ജനങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്ന് പറഞ്ഞ് വോട്ട് തേടി ഇറങ്ങിയ സ്ഥലം എം എൽ എയ്ക്ക് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസിലായി. ആദ്യത്തെ അമ്പരപ്പിന് ശേഷം എം എൽ എ വികസന പ്രവർത്തനങ്ങളുടെ പട്ടിക തുറന്നു, പക്ഷേ അതും ചീറ്റിപ്പോയി.
‘വനയം പഞ്ചായത്തിൽ 63 കോടി രൂപയുടെ വികസനം എം എൽ എ നേരിട്ട് വന്ന് നടത്തിയിട്ടുണ്ട്. അത്രമാത്രം ശ്രദ്ധയോട് കൂടിയാണ് ഞാനും നമ്മുടെ സർക്കാരും വനയം പഞ്ചായത്തിനെ നോക്കുന്നത്.’ എന്നായിരുന്നു മുകേഷ് പറഞ്ഞത്. ഇതിനിടയിൽ ഒരു വീട്ടമ്മ പറഞ്ഞത് ‘ഞങ്ങളെ കൂടെ ശ്രദ്ധിക്കണം’ എന്നായിരുന്നു. ഇതോടെ, ദൈവമേ പെട്ടല്ലോ എന്ന അവസ്ഥയിലായി മുകേഷ്. അതോടെ, കാര്യങ്ങൾ കൈവിട്ട് പോയി. നേരത്തേ, പറഞ്ഞ 63 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നിമിഷ നേരം കൊണ്ട് 603 കോടി രൂപയായി മാറി. ആവേശത്തിന് ഒരു പൂജ്യം കൂടിപ്പോയി. സാരമില്ല. ഒരു പൂജ്യമല്ലേ?
‘എൻ്റെ അടുത്ത് വന്ന ഒരു പരാതിയും ഇതുവരെ ഞാൻ നോക്കാതെയിരുന്നിട്ടില്ലെന്ന്’ പറഞ്ഞ് മുകേഷ് അമ്മമാരെ തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ‘ഞങ്ങൾ വരും, പരാതിയുമായി ഞങ്ങൾ ഇനിയും വരുമെന്ന്’ അവർ ഒരേസ്വരത്തിൽ പറഞ്ഞതോടെ, ‘തോമസുകുട്ടീ… വിട്ടോടാ..’ എന്ന അവസ്ഥയിലായി മുകേഷ്. വോട്ട് ചോദിച്ച് ചെല്ലുമ്പോൾ തന്നെ ചോദ്യങ്ങൾ ചോദിച്ച് ‘വെറുപ്പിക്കുന്ന’ വോട്ടർമാരെ മുകേഷ് ആദ്യമായിട്ടാണ് കാണുന്നതെന്ന് തോന്നുന്നു. 5 കൊല്ലം ഭരിച്ചില്ലേ? അതിൻ്റെ ആകും. ഏതായാലും ആരുടെ അടുത്തും അധികസമയം നിൽക്കാൻ സ്ഥലം എം എൽ എ ശ്രമിച്ചിരുന്നില്ല എന്നത് ശ്രദ്ധേയം.
ഇതിനിടയിൽ ഏറ്റവും രസകരമായത്, ‘താനാരാ’ എന്ന് മുകേഷിൻ്റെ മുഖത്ത് നോക്കി ചോദിച്ച ഒരു വോട്ടറുടെ ചോദ്യമാണ്. ആദ്യം അമ്പരന്ന മുകേഷ് പറഞ്ഞതിങ്ങനെ ‘ഞാനോ? ഞാനാണ് ഇവിടുത്തെ എം എൽ എ, എനിക്ക് തന്നെ ഇനിയും വോട്ട് ചെയ്യണേ’. അതായത്, ചുരുക്കി പറഞ്ഞാൽ മുകേഷ് ആണ് എം എൽ എ എന്ന് പോലും അറിയാത്ത വോട്ടർമാരുണ്ട്. അവരോടാണ് വോട്ട് ചോദിച്ച് ചെന്നത്.
Post Your Comments