സൗദി അറേബ്യ: യമനില്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വച്ച് സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് ആണ് യമനിലെ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള പുതിയ നിര്‍ദേശം മുന്നോട്ട് വച്ചത്. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തിലായിരിക്കും സമാധാന പദ്ധതി നടപ്പിലാക്കുക. യമന്‍ ഗവണ്മെന്റും ഹൂതികളും പദ്ധതി അംഗീകരിച്ചാല്‍ യമനില്‍ സമഗ്രമായ വെടി നിര്‍ത്തല്‍ ഉണ്ടാകും.
എന്നാൽ സമാധാന ശ്രമവുമായി സഹകരിക്കണമെന്ന് സൗദി യമന്‍ സര്‍ക്കാരിനോടും ഹൂതികളോടും ആവശ്യപ്പെട്ടു. സനാ വിമാനത്താവളത്തിലെയും ഹുദൈദ തുറമുഖത്തെയും നിയന്ത്രണങ്ങള്‍ നീക്കും. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തില്‍ നിന്നും തിരിച്ചും വിമാന സര്‍വീസുകള്‍ ഉണ്ടാകും. ഹുദൈദ തുറമുഖത്ത് കപ്പല്‍ സര്‍വീസും കാര്‍ഗോ സര്‍വീസും ഉണ്ടാകും. എണ്ണയുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും ഇറക്കുമതി പുനരാരംഭിക്കും. സ്റ്റോക്ക് ഹോം ഉടമ്പടി പ്രകാരം പോര്‍ട്ടില്‍ നിന്നുള്ള നികുതി വരുമാനം ഹുദൈദ സെന്‍ട്രല്‍ ബാങ്കില്‍ നിക്ഷേപിക്കും. പ്രതിസന്ധി അവസാനിപ്പിക്കാന്‍ പുതിയ ചര്‍ച്ചകളും കരാറുകളും ഉണ്ടാകും. യമനിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ഇറാന്റെ ഇടപെടല്‍ ആണെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. പുതിയ ശ്രമം രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍മാലികി പ്രതികരിച്ചു.
Post Your Comments