മുംബൈ: സര്‍ക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് അശാന്തി സൃഷ്ടിക്കാനും മാവോവാദികളുമായി ചേര്‍ന്ന് സാമൂഹിക പ്രവര്ത്തകന് സ്റ്റാന്‍ സ്വാമി ഗൂഢാലോചന നടത്തിയതായി മുംബൈ പ്രത്യേക എന്‍.ഐ.എ കോടതി. എല്‍ഗാര്‍ പരിഷത് മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ 83കാരനായ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയ എന്‍.ഐ.എ കോടതിയുടെ വിധിപ്പകര്‍പ്പിലാണ് ഈ നിരീക്ഷണമുള്ളത്.
സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയ പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കറിന്റെ വിധിപ്പകര്‍പ്പിലാണ് നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും സ്റ്റാന്‍ സ്വാമി ഗൂഢാലോചന നടത്തിയെന്ന പരാമര്‍ശമുള്ളത്. നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗമാണ് സ്റ്റാന്‍ സ്വാമിയെന്ന് കരുതുന്നതായി വിധിപ്പകര്‍പ്പില്‍ എന്‍.ഐ.എ കോടതി പറയുന്നു.
കേസിലെ മറ്റൊരു പ്രതിയുമായി സ്റ്റാന്‍ സ്വാമി 140 തവണ ഇ-മെയില്‍ വഴി ബന്ധപ്പെട്ടതാണ് തെളിവായി കാണിക്കുന്നത്. സഖാക്കള്‍ എന്നാണ് ഇവര്‍ പരസ്പരം അഭിസംബോധന ചെയ്തത്. സഖാവ് മോഹന്‍ എന്നയാളില്‍ നിന്ന് സ്റ്റാന്‍ സ്വാമി എട്ട് ലക്ഷം രൂപ വാങ്ങിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു.
ക്രിസ്ത്യന്‍ വൈദികനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ സ്റ്റാന്‍ സ്വാമി 2020 ഒക്ടോബറില്‍ ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് അറസ്റ്റിലായത്. ആറുമാസമായി നവി മുംബൈയിലെ തലോജ ജയിലിലാണ് സ്വാമി.നേരത്തെ കോവിഡ് പശ്ചാത്തലത്തില്‍ പ്രായമുള്ളവര്ക്കടക്കം ജാമ്യം നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചപ്പോഴും സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷ നല്‍കിയിരുന്നു. അതും തള്ളുകയാണുണ്ടായത്.
തന്റെ എഴുത്തും ആദിവാസികളുടെ അവകാശത്തിനായുള്ള പ്രവൃത്തിയും കാരണം പ്രതിയാക്കിയതാണെന്ന് ആരോപിച്ചും പാര്കിന്സന്സ് അടക്കമുള്ള രോഗങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാന്‍ സ്വാമി ജാമ്യാപേക്ഷ നല്‍കിയത്.
സംഘര്‍ഷത്തിന് കാരണമായതായി പറയുന്ന ഏല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുത്തിട്ടില്ലെന്നും സി.പി.ഐ (മാവോവാദി) അംഗമല്ലെന്നും എന്‍.ഐ.എ നല്കിയ തെളിവുകള്‍ സുരക്ഷ സംവിധാനങ്ങളില്ലത്ത തന്റെ ലാപ്ടോപില്‍ തിരുകിക്കയറ്റിയതാണെന്നും സ്വാമി കോടതിയില്‍ വാദിച്ചു. സ്വാമിക്ക് മവോവാദി ബന്ധമുള്ള സംഘടനകളുടെ സഹായമുണ്ടെന്നും സഹ പ്രതികളുമായി നടത്തിയ നൂറിലേറെ ഇ-മെയിലുകള്‍ കണ്ടെത്തിയതായും എന്‍.ഐ.എ കോടതിയില്‍ പറഞ്ഞു.
Post Your Comments