അബുദാബി : യുഎഇയില്‍ താമസിച്ചു ലോകത്തെ ഏതു കമ്പനിയിലും ജോലി ചെയ്യാവുന്ന റിമോട്ട് വര്‍ക്ക് വിസയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.
ലോകത്തെ ഏതു രാജ്യത്തെ കമ്പനികളുടെ ജീവനക്കാരായാലും യുഎഇയിലിരുന്ന് ജോലി ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് പുതിയ റിമോര്‍ട്ട് വര്‍ക്ക് വിസ. ഈ കമ്പനിയുടെ സാന്നിധ്യം യുഎഇയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിസ ലഭിക്കും. യുഎഇ ആദ്യമായാണ് ഇത്തരമൊരു വിസ നല്‍കുന്നത്. കൂടുതല്‍ വിദഗ്ധരെയും നിക്ഷേപകരെയും സംരംഭകരെയും യുഎയിലേക്ക് ആകര്‍ഷിക്കാന്‍ തീരുമാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.
ഇതോടൊപ്പം മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ എല്ലാ രാജ്യക്കാര്‍ക്കുമായി വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യക്കാര്‍ക്കും ഒന്നിലേറെ തവണ യുഎഇയില്‍ വന്നു പോകാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ കൂടുതല്‍ പ്രയോജനകരമാണ്. 3, 6, 12 മാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്കു കാലാവധിക്കുള്ളില്‍ പല തവണ യുഎഇയിലെത്തി മടങ്ങാം.
എന്നാല്‍ ഒരിക്കല്‍ നല്‍കിയ വിസ ദീര്‍ഘിപ്പിക്കാനോ റദ്ദാക്കാനോ സാധിക്കില്ല. വന്‍കിട കമ്പനികള്‍ക്കാണ് മള്‍ട്ടിപ്പിള്‍ ഈ വിസ എടുക്കാന്‍ അനുമതി. 3 മാസത്തേക്കു 1500, 6 മാസത്തേക്കു 3300 ദിര്‍ഹമാണ് നിരക്ക്. 1020 ദിര്‍ഹം ഗാരന്റി തുക കെട്ടിവയ്ക്കണം. ഈ തുക വ്യക്തി രാജ്യം വിട്ടാല്‍ തിരിച്ചു ലഭിക്കും.
Post Your Comments