വാഷിംഗ്ടണ്‍ : സ്വന്തം സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോമുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരികെ വരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വക്താവായ ജേസന്‍ മില്ലറാണ് ഫോക്‌സ് ന്യൂസിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ക്യാപ്പിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍
കൂട്ടത്തോടെ വിലക്കിയത്. ക്യാപ്പിറ്റോള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതികരണവും തന്റെ യൂട്യൂബ് ചാനലിലൂടെ ട്രംപ് പുറത്തു വിട്ടത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിലക്ക് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ സ്വന്തമായി സോഷ്യല്‍ മീഡിയ പ്‌ളാറ്റ്‌ഫോം വികസിപ്പിച്ചു കൊണ്ടായിരിക്കും ട്രംപ് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്.
ക്യാപ്പിറ്റോള്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്ന കാരണത്താല്‍ ട്രംപിന് വിലക്കേര്‍പ്പെടുത്തിയ ശേഷം രാഷ്ട്രീയ പ്രവര്‍ത്തകര്‍, സര്‍ക്കാരുദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകള്‍ സൂഷ്മമായി പരിശോധിക്കുന്നുണ്ട്. ലോകനേതാക്കള്‍ക്ക് എപ്പോള്‍, എങ്ങനെ വിലക്കേര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ പൊതുജനാഭിപ്രായം തേടുമെന്നും, മറ്റ് ഉപയോക്താക്കള്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള നയങ്ങള്‍ തന്നെ ലോകനേതാക്കള്‍ക്കും പിന്തുടരുന്ന കാര്യം പുനഃപരിശോധിക്കുകയാണെന്നും ട്വിറ്റര്‍ ഒരാഴ്ച മുമ്പ് അറിയിച്ചിരുന്നു.
Post Your Comments