കാസര്‍കോട് : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ച് പാര്‍ട്ടിയില്‍ നില്‍ക്കുന്ന ഒരാളും കോണ്‍ഗ്രസ് വിടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അവസരവാദികള്‍, സ്ഥാനമോഹികള്‍, ഈ ജന്മം ഈ പാര്‍ട്ടിയെ കൊണ്ട് നേടാന്‍ കഴിഞ്ഞ മുഴുവന്‍ ആളുകള്‍ അവരൊക്കെയാണ് ഇപ്പോള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് ആരും ബിജെപിയില്‍ പോകില്ല. ശരീരം കോണ്‍ഗ്രസിലും മനസ് ബിജെപിയിലും കൊടുത്ത കുറേ ആളുകളുണ്ട്, അവര്‍ പോകുമെന്നും ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ വ്യക്തികളെ സ്‌നേഹിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു ഗ്രൂപ്പിന്റെ ആളാണെങ്കില്‍ അയാള്‍ എന്തെങ്കിലും തെറ്റ് ചെയ്തതിന്റെ പുറത്ത് കെപിസിസി പ്രസിഡന്റ് മാറ്റാന്‍ ശ്രമിച്ചാല്‍ ഗ്രൂപ്പ് ചോദ്യം ചെയ്യും. ആ അഹങ്കാരമാണ് ഇന്ന് ഓരോ സ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കും ഉളളത്. മണ്ഡലം തൊട്ട് ഡിസിസി വരെ എല്ലാവര്‍ക്കും അതുണ്ടെന്നും ഈ പ്രവണത മാറണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഇനിയും ഗ്രൂപ്പുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തില്‍ കാണില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറും പ്രതിബദ്ധതയും കോണ്‍ഗ്രസിനോടായിരിക്കണം, വ്യക്തികളോടാകരുത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ വിജയ സാധ്യത മങ്ങിയെന്ന കെ സുധാകരന്റെ പരാമര്‍ശത്തേയും ഉണ്ണിത്താന്‍ വിമര്‍ശിച്ചു. മാര്‍ക്സിസ്റ്റുകാര്‍ക്കായി കോണ്‍ഗ്രസ് ഒരു പോര്‍മുഖത്ത് നില്‍ക്കുമ്പോള്‍ സുധാകരനെപ്പോലെ ഒരാള്‍ ഇങ്ങനെ പറയുന്നത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.
Post Your Comments