സോഷ്യൽ മീഡിയ ചാരിറ്റി പ്രവർത്തകനും തവനൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ ഫിറോസ് കുന്നംപറമ്പിലിന് സ്ഥാവര ജംഗമ ആസ്‌തിയായി 52,58,834 രൂപയുണ്ട്. ഫിറോസ് വാഹനവായ്പ തിരിച്ചടവായി നൽകാനുള്ളത് പത്തു ലക്ഷത്തോളം രൂപ. കൈവശമുള്ളത് 5,500 രൂപയാണെന്നും നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരം സംബന്ധിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ഫെഡറല്‍ ബാങ്ക് ആലത്തൂര്‍ ശാഖയില്‍ 8,447 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കില്‍ 3,255 രൂപയും എടപ്പാള്‍ എം.ഡി.സി ബാങ്കില്‍ 1,000 രൂപയും നിക്ഷേപമുണ്ട്. കമ്പോളത്തില്‍ 2,95,000 രൂപ വില വരുന്ന ഭൂമി ഫിറോസിന് സ്വന്തമായുണ്ട്. 2,053 ചതുരശ്ര അടിയുള്ള ഫിറോസിന്റെ വീടിന് 31.5 ലക്ഷം രൂപയെങ്കിലും വില വരും. ഇതുകൂടാതെ 80,000 രൂപയുടെ മറ്റ് വസ്‌തുവകകളും ഫിറോസിന്റെ പേരിലുണ്ട്.
സ്വന്തമായി 20 ലക്ഷം വിലവരുന്ന ഇന്നോവ കാറുള്ള ഫിറോസ് വാഹന വായ്‌പയായി 9,22,671 രൂപ അടയ്‌ക്കാനുണ്ട്. ആലത്തൂർ, ചേരാനെല്ലൂർ സ്റ്റേഷനുകളിലായി ഫിറോസിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുകളുണ്ട്. ഫിറോസ് പത്താം ക്ലാസ് പാസായിട്ടില്ല. ഭാര്യയുടെ കൈയിലുള്ളത് ആയിരം രൂപ. ഒരു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടുകളിലായി 67,412 രൂപയുമാണ് പണമായുള്ളത്.
തവനൂരിൽ മന്ത്രി കെ.ടി.ജലീലിനെതിരെ കൈപ്പത്തി ചിഹ്നത്തിലാണ് ഫിറോസ് കുന്നംപറമ്പിൽ മത്സരിക്കുന്നത്. ഫിറോസിന്റെ തവനൂരിലെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ സ്ഥാനാർഥിയാക്കണമെന്നും താൻ മത്സരിക്കാനില്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ കോൺഗ്രസ് പ്രവർത്തകരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ഫിറോസിന് തന്നെയാണ് നറുക്കുവീണത്.
Post Your Comments