പാലക്കാട്: കമ്യൂണിസ്റ്റുകാരുടെ ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണ് ബിജെപി പുറത്തു കൊണ്ടു വരാൻ പോകുന്നതെന്ന് ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് ശിവൻ. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ആലപ്പുഴ എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയപ്പോൾ കമ്യൂണിസ്റ്റുകാർക്ക് പൊള്ളിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
രക്തസാക്ഷികളുടെ ചരിത്രം പുറത്തു വന്നാൽ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കപട മുഖം തിരിച്ചറിയാൻ തുടങ്ങും. കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ജനങ്ങൾ പ്രതികരിക്കാനും ആരംഭിക്കും. പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനെ കമ്യൂണിസ്റ്റുകാർ പേടിച്ചെങ്കിൽ ഇനി വരുന്ന ദിനങ്ങളിൽ കമ്യൂണിസ്റ്റുകാർ വഞ്ചിച്ചു കൊന്ന രക്തസാക്ഷികളുടെ ചരിത്രങ്ങൾ ഓരോന്നായി ബിജെപി പുറത്തു കൊണ്ടുവരും.
കൂത്തുപ്പറമ്പിലെ രാഷ്ട്രീയ എതിരാളിയായിരുന്ന സഖാവ് എം വി രാഘവനെ തടുക്കാനായി മനുഷ്യ മതിലായി നിർത്തിയ അഞ്ചു സഹോദരങ്ങളെ സ്വാശ്രയ കോളേജ് സമരം എന്ന പേരിൽ വഞ്ചിച്ച് മനുഷ്യകവചമായി എറിഞ്ഞു കൊടുക്കുകയാണ് കമ്യൂണിസ്റ്റ് പാർട്ടി ചെയ്തത്. അതേ എം വി രാഘവനെ പിന്നീട് പാർട്ടി പട്ടു പുതപ്പിച്ചു. എം വി രാഘവന്റെ മകന് കൂത്തുപറമ്പിൽ സീറ്റ് നൽകി. രക്തസാക്ഷികളെ മാത്രമല്ല അവരുടെ കുടുംബാംഗങ്ങളെ കൂടിയാണ് കമ്യൂണിസ്റ്റ് പാർട്ടി വഞ്ചിച്ചതെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.
അധ:സ്ഥിത വിഭാഗങ്ങളെയും ദളിതരെയും ഈഴവരെയും പറ്റിക്കുന്ന നയമാണ് കമ്യൂണിസ്റ്റ് പാർട്ടി എല്ലായ്‌പ്പോഴും സ്വീകരിക്കുന്നത്. പുന്നപ്ര വയലാർ സമരത്തിന്റെ നായകൻ എന്ന് പറയപ്പെടുന്ന വി എസ് അച്യുതാനന്ദൻ ഈ സമരം നടക്കുമ്പോൾ മച്ചിന്റെ മുകളിൽ ഒളിച്ചിരിക്കുകയായിരുന്നു. പാവങ്ങളെ തോക്കിൻ മുനയിലേക്ക് എറിഞ്ഞു കൊടുത്ത് കമ്യൂണിസ്റ്റ് പാർട്ടി സൃഷ്ടിച്ച രക്തസാക്ഷികളുടെ ഓരോ കഥകളും എണ്ണിയെണ്ണി പുറത്തു വരികയാണ്.
പോലീസുകാർ വെടിവെച്ചു കൊന്ന് രക്തസാക്ഷിയാക്കിയെന്ന് പറയപ്പെടുന്ന സർദാർ ഗോപാലകൃഷണ പിള്ള ഇന്ത്യൻ ദേശീയ പതാക കത്തിക്കാൻ ശ്രമിച്ച രാജ്യദ്രോഹിയാണ്. ഗോപാല കൃഷ്ണ പിള്ളയെയാണ് കമ്യൂണിസ്റ്റ് പാർട്ടി രക്ത സാക്ഷിയാക്കാൻ ശ്രമിക്കുന്നത്. അത്തരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയെടുത്ത രക്തസാക്ഷികളുടെ കഥകൾ ഓരോന്നോരോന്നായി പുറത്തു കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയെ ജനമധ്യത്തിൽ വിചാരണ ചെയ്യാൻ പോകുകയാണ്. നാട്ടിലെ സാധാരണക്കാരോടും ദളിതരോടും പാവങ്ങളോടും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളോടും കമ്യൂണിസ്റ്റ് പാർട്ടി മറുപടി പറയേണ്ടി വരും. ജനങ്ങളെ പറ്റിച്ചു കൊണ്ട് സമരം നടത്തി അവരെ രക്തസാക്ഷികളായി സൃഷ്ടിച്ച് പാർട്ടിയ്ക്ക് വേണ്ടി മാർക്കറ്റ് ചെയ്തിരിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങൾക്കെതിരെയാണ് ബിജെപി പ്രവർത്തിക്കുന്നത്. ജനങ്ങൾ ഇന്ന് സത്യങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടി മനപൂർവ്വം സൃഷ്ടിച്ച രക്തസാക്ഷികളുടെ ചരിത്രം ജനങ്ങൾക്കിടയിൽ ചർച്ചയാകാൻ പോകുകയാണ്. ഈ ചർച്ചയെ പ്രതിരോധിക്കാനാണ് അക്രമവുമായി മുന്നോട്ട് വരുന്നതെങ്കിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ തക്ക സംവിധാനം ഇന്ന് ബിജെപിയ്ക്കുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടി പടച്ചു വിട്ടിട്ടുള്ള ഓരോ നുണകളും ഇനി കേരള ജനത ചർച്ച ചെയ്യാൻ പോകുകയാണ്. കമ്യൂണിസ്റ്റുകാരുടെ ഉറക്കം നഷ്ടപ്പെടുന്ന രാത്രികൾ ആഗതമായിരിക്കുകയാണ്. ഇനി നിങ്ങൾ മറുപടി പറയേണ്ട കാലഘട്ടമാണ്. മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞേ തീരു. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓരോ നോതാക്കന്മാരും എണ്ണിയെണ്ണി മറുപടി പറയണം. ഈ രക്തസാക്ഷികളുടെ കുടുംബത്തിന് മുന്നിലെ ഈ നാട്ടിലെ ജനങ്ങൾക്ക് മുൻപിൽ നേതാക്കൾ മറുപടി പറയണം. ഭാരതീയ ജനതാ പാർട്ടിയും ഈ നാട്ടിലെ ജനങ്ങളും നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments