കോവിഡ് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ച് കൊടുക്കുന്നത് ഫലം ചെയ്യുമോയെന്ന് കണ്ടെത്താനൊരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യാ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയ൯സസ്. പ്രാണയാമ യോഗ രീതി ചികിത്സക്ക് ഉപകരിക്കുമോയെന്നും പഠനം നടത്തുന്നുണ്ട്.
നിലവിൽ കൊറോണ രോഗികൾക്ക് നൽകി വരുന്ന ചികിത്സക്ക് പുറമെയാണ് ഈ പഠനങ്ങൾ നടത്തുന്നത്. പഠനത്തിന്റെ ഭാഗമായി 20 രോഗികളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിട്ടുണ്ട്. നിലവിലെ ചികിത്സക്കു പുറമേ, പത്ത് രോഗികൾക്ക് ഗായത്രി മന്ത്രം ജപിച്ചു നൽകുകയും ഒരു മണിക്കൂർ നേരത്തെ പ്രാണയാമ സെഷ൯ നടത്തുകയും ചെയ്യും.
അതേസമയം മറ്റു പത്ത് രോഗികൾക്ക് സാധാരണ ഗതിയിലുള്ള ചികിത്സ മാത്രമായിരിക്കും നൽകുക. 14 ദിവസമായിരിക്കും ഈ രോഗികളെ ആശുപത്രി അധികൃതർ നിരീക്ഷിക്കുക. ചികിത്സയ്ക്ക് മുൻപ് 20 രോഗികളുടെയും ശരീരത്തിലെ സി-റിയാക്റ്റീവ് പ്രോട്ടീ൯ രേഖപ്പെടുത്തി വെയ്ക്കും.
14 ദിവസം കഴിഞ്ഞ് വീണ്ടും രോഗികളെ പരിശോധനക്ക് വിധേയമാക്കുകയും ഗായത്രി മന്ത്രം ജപിച്ചവരുടെ ശരീരത്തിൽ മറ്റുള്ളവരേക്കാൾ കൂടുതൽ എന്തെങ്കിലും പുരോഗതി സംഭവിച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്യുകയും ചെയ്യും.
കേന്ദ്ര സർക്കാറിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയ൯സ് ആന്റ് ടെക്നോളജിയാണ് ഈ പരീക്ഷണം സ്പോൺസർ ചെയ്തിരിക്കുന്നത്.അതേസമയം, ഈ പഠനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വിടാ൯ എയ്ംസ് ഋഷികേശ് പൾമൊനാറി മെഡിസി൯ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ രുചി ദുആ തയ്യാറായില്ല. എന്നാൽ രോഗികളെ രണ്ടായി തിരിച്ചു കഴിഞ്ഞുവെന്നും പരീക്ഷണം തുടങ്ങിയെന്നും ആശുപത്രി ഡിപ്പാർട്ട്മെന്റ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
“പഠനം പൂർത്തിയായതിന്റേ ശേഷം മാത്രം അത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂ,” ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ക്ലിനിക്കൽ ട്രയൽ ഹിസ്റ്ററി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളിൽ ഗായത്രി മന്ത്രവും, പ്രാണയാമയും ഫലം ചെയ്യുമോ എന്ന പരീക്ഷണമാണ് നടക്കുന്നത്. ഫെബ്രുവരി 5 നാണ് ഇത്തരം ഒരു പഠനം നടക്കുന്നുവെന്ന് സർക്കാർ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്തത്.
Post Your Comments