കേരളം വികസനത്തിൽ വളരെ പിന്നിലാണെന്നും ബി.ജെ.പിക്കേ ഇതിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കൂവെന്നും മെട്രോമാൻ ഇ.ശ്രീധരൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമിൽ സജീവമായിരിക്കുകയാണ് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥികൂടിയായ അദ്ദേഹം. കോവിഡ് കാലത്ത് വീടുകയറിയുള്ള പ്രചാരണം കഴിവതും കുറയ്ക്കുമെന്നും പ്രചാരണത്തിനായി സോഷ്യൽ മീഡിയയെ കൂടുതലായി ആശ്രയിക്കുമെന്നും ഇ. ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
നാല് ‘വി’കളാണ് തങ്ങളുടെ മുദ്രാവാക്യമെന്ന് ശ്രീധരൻ ട്വിറ്ററിൽ കുറിച്ചു. ബി.ജെ.പിയ്ക്കുള്ള നിങ്ങളുടെ ഓരോ വോട്ടും വികസനം, വ്യവസായം, വിദ്യാഭ്യാസം, വിശുദ്ധഭരണം എന്നീ നാല് ‘വി’കൾക്കുള്ളതായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ പുരോഗതിയിൽ താത്പര്യമില്ലാത്ത എൽ.ഡി.എഫും യു.ഡി.എഫും സംസ്ഥാനം മാറി മാറി ഭരിക്കുകയാനിന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മറ്റ് ഭാഗങ്ങൾ വിവിധ മേഖലകളിൽ മുന്നേറുമ്പോൾ, കേരളീയർ അഴിമതിയും കൊടുകാര്യസ്ഥതയിലും നിസ്സഹായരായി നിൽക്കുകയാണെന്നും ശ്രീധരൻ ട്വിറ്ററിൽ കുറിച്ചു.
എതിരാളികളുമായി മത്സരിക്കും പക്ഷെ തമ്മിൽ തല്ല് കൂടില്ല, എതിർ സ്ഥാനാർത്ഥികളെ ആക്ഷേപിച്ച് സംസാരിക്കില്ല, ചെയ്യാൻ പോകുന്ന വികസനകാര്യങ്ങൾ മാത്രം പറഞ്ഞേ വോട്ട് തേടു എന്നിങ്ങനെ തന്റേതായ വ്യക്തിത്വത്തിൽ ഊന്നിക്കൊണ്ടാണ് ഇ. ശ്രീധരൻ പാലക്കാട് ഇലക്ഷൻ പ്രചാരണത്തിന് ഇറങ്ങുന്നത്. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും ടെക്‌നോക്രാറ്റാണെന്നും ശ്രീധരൻ പ്രതികരിച്ചിരുന്നു.
Post Your Comments