Latest NewsKerala

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന കഴക്കൂട്ടം കോൺഗ്രസ് സ്ഥാനാർഥി എസ്എസ് ലാലിന്റെ ലേഖനം തിരിച്ചടിക്കുന്നു

ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തിൽ കളങ്കം വരുത്തില്ല, വിശ്വാസികൾ അയ്യപ്പൻറെ ആത്മാർത്ഥതയിൽ വിശ്വസിക്കണം. അദ്ദേഹത്തിൻറെ കൺട്രോളിൽ, ആത്മനിയന്ത്രണത്തിൽ, വിശ്വസിക്കണം.' എന്നും ലാൽ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമ നിർമ്മാണം നടത്തുമെന്ന് കോൺഗ്രസ് പറയുമ്പോഴും പല കോൺഗ്രസ്സ് സ്ഥാനാര്ഥികളുടെയും മുൻ നിലപാട് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ഇത്തരത്തിൽ ഒന്നാണ് ഇപ്പോൾ കഴക്കൂട്ടം കോൺഗ്രസ് സ്ഥാനാർഥി എസ്എസ് ലാലിന്റെ പഴയ ലേഖനം. ഇത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ് .

‘ആർത്തവമുള്ള പ്രായത്തിൽ ശബരിമലയിൽ പോയിട്ടുണ്ടെന്ന് പല സ്ത്രീകളും ഇപ്പോൾ പറയുന്നുണ്ട്. അത് അയ്യപ്പന് പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ നമ്മളായിട്ട് എന്തിനു വിഷമിക്കണം? ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തിൽ കളങ്കം വരുത്തില്ല എന്ന കാര്യത്തിൽ വിശ്വാസികൾക്ക് ധൈര്യം വേണം. വിശ്വാസികൾ അയ്യപ്പൻറെ ആത്മാർത്ഥതയിൽ വിശ്വസിക്കണം. അദ്ദേഹത്തിൻറെ കൺട്രോളിൽ, ആത്മനിയന്ത്രണത്തിൽ, വിശ്വസിക്കണം.’ എന്നും ലാൽ എഴുതിയിരിക്കുന്നു.

അദ്ദേഹത്തിന്റെ ലേഖനം ഇങ്ങനെ,

ശബരിമല വിഷയത്തിൽ വ്യത്യസ്ത ചർച്ചകളിൽ പലരും പറയുന്ന പല കാര്യങ്ങളും അങ്ങ് ശരിയാകുന്നില്ല. യുക്തിയ്ക്ക് നിരക്കുന്നില്ല. ഉയർന്ന വിദ്യാഭാസമുള്ള ചിലർ പോലും കണ്ണടച്ചുള്ള ചില വാദങ്ങൾ മുന്നോട്ടു വയ്ക്കുന്നു. കൂടാതെ, ശാസ്ത്രവും ലോജിക്കും ലിംഗ തുല്യതയും പറയുന്നവർക്ക് ഒരു പുതിയ പേരും അവർ കൊടുക്കുന്നു. അവിശ്വാസി. നല്ല തമാശ. ന്യായം പറഞ്ഞാൽ അയാൾ അവിശ്വാസി. അഥവാ വിശ്വാസിയ്ക്ക് ഈ ശാസ്ത്രവും ലോജിക്കും തുല്യതയും ഒന്നും താത്പര്യമില്ലാത്ത വിഷയങ്ങൾ എന്നും അർത്ഥം.

തീർന്നില്ല. വിശ്വാസി എന്നാൽ ദൈവത്തിൽ മാത്രമല്ല അന്ധവിശ്വാസങ്ങളിലും അടിസ്ഥാനമില്ലാത്ത ആചാരങ്ങളിലും കൂടി വിശ്വസിക്കുന്നവർ ആയിരിക്കണം എന്ന് ചിലർ പറഞ്ഞുവയ്ക്കുകയാണ്. അത് ശരിയല്ല. എനിക്കറിയാവുന്ന മിക്ക വിശ്വാസികളും നല്ല ബോധമുള്ളവരാണ്. എൻറെ അമ്മയുൾപ്പെടെ വിശ്വാസിയാണ്. കുടുംബത്തിലെ മറ്റു പല അംഗങ്ങളും വിശ്വാസികളാണ്. അതുപോലെ നിരവധി സുഹൃത്തുക്കളും. അവരൊക്കെ അന്ധവിശ്വാസികളായി എണ്ണപ്പെടുന്നതിൽ എനിയ്ക്ക് വിഷമമുണ്ട്.

ശബരിമലയിൽ പോകണമെന്ന് ആഗ്രഹിക്കുന്ന പത്തിനും അമ്പതിനും ഇടയിലുള്ള സ്ത്രീകളും ഇപ്പോൾ അവിശ്വാസികൾ ആയി തരംതിരിക്കപ്പെട്ടിരിക്കുന്നു. അവർ വെല്ലുവിളിക്കാൻ പോകുന്നവരാണത്രേ . അവർക്കു ഭക്തിയില്ലെന്ന്. ഭക്തി അളന്നു പരിശോധിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്ന പുതിയ ഏജൻസികൾ ഉണ്ടായിരിക്കുന്നു. അത് കഷ്ടമല്ലേ? ഒരാൾക്ക് ദൈവവിശ്വാസി മാത്രം ആയിക്കൂടേ? അന്ധവിശ്വാസങ്ങളിൽ വിശ്വാസമില്ലാത്ത വെറും ദൈവവിശ്വാസി. ഒരു വിഭാഗം മനുഷ്യർ പറയുന്ന അർത്ഥമില്ലാത്ത ആചാരങ്ങൾ കൂടി അനുസരിച്ചാലേ അവർ വിശ്വാസികളാകൂ ?

ശബരിമലയെപ്പറ്റിയുള്ള വിധി വന്നപ്പോൾ മറ്റു മതങ്ങളിലെ ആരാധനാലയങ്ങളിൽക്കൂടി സ്ത്രീകൾക്ക് തുല്യ അവകാശം വേണമെന്നും എല്ലാ മതത്തിലും സ്ത്രീകൾക്ക് തുല്യ പരിഗണന വേണമെന്നും ചിലർ പറയുന്നുണ്ട്. ആർക്കാണതിൽ തർക്കമുള്ളത്? പണ്ടേ അതൊക്കെ നടപ്പാക്കേണ്ടതായിരുന്നു. ഇനിയെങ്കിലും അമാന്തിക്കരുത്. പ്ലീസ് എല്ലാരും കൂടി നടപ്പാക്കൂ. അല്ലെങ്കിൽ ആ മതങ്ങളിലെ പെണ്ണുങ്ങൾ താമസിയാതെ അത് സാധിച്ചെടുക്കും. പെണ്ണുങ്ങൾ വണ്ടിയോടിക്കുന്നതും ടെലിവിഷനിൽ മുഖം കാണിക്കുന്നതും പാപമായിക്കരുതിയിരുന്ന നാടുകളിൽപ്പോലും മാറ്റങ്ങൾ വരുന്നത് നമ്മൾ കാണണം. നമ്മൾ അവർക്ക്‌ മുന്നിൽ അല്ലെങ്കിലും ഒപ്പമെങ്കിലും സഞ്ചരിക്കണം. ഏറ്റവും കുറഞ്ഞത് പിന്നാലെ.

1950 വരെ ശബരിമലയിൽ ചെറുപ്പക്കാരികളായ സ്ത്രീകൾ പോയിരുന്നതായി ദേവസ്വം ബോർഡ് തന്നെ സമ്മതിക്കുന്നു. അവിടെ ചോറൂണ് നടന്ന ഒരു എഴുപതുകാരൻ പ്രമുഖൻ അദ്ദേഹത്തിൻറെ മാതാവിൻറെ മടിയിലിരുന്നാണ് ഉണ്ടതെന്നും പറയുന്നു. ഉണ്ട നായർക്ക് ഉണ്ടായ ഉൾവിളിയായി അതിനെ തള്ളരുത്. എഴുപത് വർഷം മുമ്പില്ലാത്ത ആചാരം എങ്ങനെ വന്നു എന്ന് ചർച്ചചെയ്യുന്നതിൽ മടികാണിക്കരുത്.

പിന്നെ, പുതിയ കോടതി വിധി വന്നതിനാൽ സ്ത്രീകളെല്ലാം ശബരിമലയിൽ പോകേണ്ടി വരുമെന്ന രീതിയിൽ പ്രചരണം നടക്കുകയാണ്:) അത് കാപട്യമാണ്. മീൻ പിടിക്കാനുള്ള വെള്ളം കലക്കലാണത്. ശബരിമലയിൽ താല്പര്യമുള്ളവർ പോയാൽ മതി. വേണ്ടാത്തവർ പോകണ്ട. പോകാത്തവരെ പോലീസൊന്നും പിടിക്കില്ല. പോകുന്നവരെ തടഞ്ഞാൽ പോലീസ് പിടിക്കുകയും ചെയ്യും.

ശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പ ഭക്തന്മാർ സ്ത്രീകളുടെ ‘അശുദ്ധി’യെ ഭയക്കുന്നത് ലജ്‌ജാകരമാണ്. ഈ മണ്ടത്തരം ചില ‘ശാസ്ത്രജ്ഞരും’ കൂടി ശരിവയ്ക്കുമ്പോൾ നമ്മൾ നാണിച്ചു തലകുനിക്കണം. ശബരിമലയിലേയ്ക്ക് പോയ ബസ് മറിഞ്ഞപ്പോൾ ദേഹത്ത് പരിക്കുമായി വന്ന അയ്യപ്പന്മാരെ വനിതാ ഡോക്ടർമാരും നഴ്സുമാരും ചേർന്ന് മുറിവ് വച്ചുകെട്ടിയും കുത്തിവയ്പ്പെടുത്തുമൊക്കെ ചികിത്സിച്ച സംഭവങ്ങൾ നിരവധിയാണ്. ഭക്തന്മാരുടെ ശരീരത്തിൽ തൊടാതെ ഇതൊന്നും ചെയ്യാൻ കഴിയില്ലല്ലോ. ചികിത്സ നല്കിയ സ്ത്രീകളിൽ പലരും അവരുടെ ‘അശുദ്ധ’മായ മാസമുറക്കാലത്ത് ആയിരുന്നിരിക്കാം. ശബരിമല തീർത്ഥാടനകാലത്ത് സ്തീകൾക്ക് മാസമുറ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലല്ലോ. മരണഭയം വരുമ്പോൾ ‘അശുദ്ധി’യുടെ കാര്യം വിചാരിച്ച് ചികിത്സ വേണ്ടെന്ന് ഒരു ഭക്തനും പറഞ്ഞതുമില്ല. ഇതിനാണ് ഇരട്ടത്താപ്പെന്ന് പറയുന്നത്.

വഴിയരികിലെ കടകളിൽ പെണ്ണുങ്ങൾ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും ആശുദ്ധിയുടെ പ്രശ്നമില്ല. വിശന്നിരിക്കുമ്പോൾ എന്ത് അശുദ്ധി? ആർത്തവമുള്ള പെണ്ണുങ്ങൾ പണിയെടുത്ത് കൊണ്ടുവന്ന കാശുവാങ്ങി അമ്പലത്തിൽക്കൊണ്ട് കാണിക്കയിടാനും പ്രശ്നമില്ല. കറൻസി നോട്ട് ആരുതൊട്ടാലും അശുദ്ധമാകില്ലല്ലോ. ഇതെല്ലാം ഇരട്ടത്താപ്പ് തന്നെയാണ്.
ആർത്തവത്തെ ഞാൻ ബഹുമാനിക്കുന്നു. എൻറെ ജനനത്തിനും എനിക്ക് എൻറെ മക്കളെ ലഭിക്കാനും സഹായിച്ച ആ പ്രതിഭാസത്തെ. ആർത്തവത്തിൻറെ പേരിൽ എൻറെ അമ്മയെയോ ഭാര്യയെയോ സഹോദരിമാരെയോ അയിത്തത്തോടെ കണ്ട/കാണുന്ന എല്ലാ മഹാന്മാരോടും എനിയ്ക്ക് പുച്ഛമാണ്, സോറി.

സ്വന്തം ശരീരത്തിലെ ഒരു സ്വാഭാവിക പ്രതിഭാസത്തെ തങ്ങളുടെ അശുദ്ധിയായി കരുതുന്ന സ്ത്രീകളോട് പരിഭവമുണ്ട്. നിങ്ങൾ ഇനിയെങ്കിലും ഉണരണം. നിങ്ങൾ ശബരിമലയിൽ പോകുകയോ പോകാതിരിക്കുകയോ ചെയ്യുക, അത് നിങ്ങളുടെ തീരുമാനം. പക്ഷെ, അശുദ്ധരാണെന്ന് നിങ്ങൾ സ്വയം വിശ്വസിക്കരുത്. ആചാരങ്ങളുടെ പേരും പറയരുത്. മാസമുറക്കാലത്ത് വീടിനും അടുക്കളയ്ക്കും ഒക്കെ പുറത്ത് പെണ്ണുങ്ങളെ ഉപേക്ഷിച്ചിരുന്നതും ഒരു കാലത്തെ ആചാരമാണ്. ഇന്ന് ഫ്‌ളാറ്റുകളിൽ ജീവിക്കുന്ന അണുകുടുംബങ്ങൾക്ക് അത്തരം ആചാരങ്ങൾ തുടരാൻ കഴിയുമോ? തുടർന്നാൽ ഭക്തരായ ചേട്ടന്മാർ പട്ടിണി കിടന്ന് വിഷമിക്കും. അപ്പോൾ ആചാരം എവിടെപ്പോയി?
ബ്രഹ്മചാരി എന്നാൽ ബ്രഹ്മത്തിൻറെ പാതയിൽ ചരിക്കുക എന്ന് മാത്രമേ അർത്ഥമുള്ളൂ. ഇനി, സ്ത്രീ വിഷയം. സന്യാസ പഠനം നടത്തുന്ന ഒരാൾ ചെറുപ്പത്തിൽ, ഉദാഹരണത്തിന് എട്ടു മുതൽ ഇരുപതു വയസുവരെ, ആണ് ഗുരുകുല പഠനത്തിന് പോകുന്നത്. ലൈംഗിക ബന്ധത്തിന് അവസരമില്ലാത്ത പ്രായവും സാഹചര്യവും കാരണം അവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നില്ല എന്നുമാത്രം. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് കഥകളെ ഉദ്ധരിച്ച് ഭക്തർ പറയുന്നത്. അതായത്, ഒരിക്കലും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ല എന്ന്. അയ്യപ്പനോട് ചോദിച്ചറിയാൻ കഴിയാത്ത കാര്യമായതിനാൽ കഥകളെ വിശ്വസിക്കാം. പക്ഷേ അതിന്റെയർത്ഥം സ്ത്രീകളാരും ആ വഴി പോകരുത് എന്നല്ല.

ബ്രഹ്മചര്യം എന്നതിന്, വിവാഹത്തിലും ശാരീരിക ബന്ധത്തിലും നിന്ന് ഒഴിഞ്ഞുനിൽക്കുക എന്ന അർത്ഥമുണ്ട്. വിവാഹിതരായവർ വിവാഹേതര ബന്ധത്തിൽ ഏർപ്പെടാത്തതും ബ്രഹ്മചര്യമത്രെ.
ആർത്തവമുള്ള പ്രായത്തിൽ ശബരിമലയിൽ പോയിട്ടുണ്ടെന്ന് പല സ്ത്രീകളും ഇപ്പോൾ പറയുന്നുണ്ട്. അത് അയ്യപ്പന് പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ നമ്മളായിട്ട് എന്തിനു വിഷമിക്കണം? ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തിൽ കളങ്കം വരുത്തില്ല എന്ന കാര്യത്തിൽ വിശ്വാസികൾക്ക് ധൈര്യം വേണം. വിശ്വാസികൾ അയ്യപ്പൻറെ ആത്മാർത്ഥതയിൽ വിശ്വസിക്കണം. അദ്ദേഹത്തിൻറെ കൺട്രോളിൽ, ആത്മനിയന്ത്രണത്തിൽ, വിശ്വസിക്കണം.

ശാസ്ത്രം പറയുന്ന, പ്രചരിപ്പിക്കുന്ന, ഒരാളെന്ന നിലയിലാണ് ഞാനീ കാര്യങ്ങൾ പറഞ്ഞത്. എല്ലാവരും എന്നോട് യോജിക്കുമെന്ന് ഞാൻ തന്നെ കരുതുന്നില്ല. എതിരഭിപ്രായമുള്ളവർ നിരവധി ഉണ്ടാകുമെന്നും അറിയാം. ഒരുപാട് പേർ എതിർക്കുമ്പോഴും ശാസ്ത്രവും സത്യവുമൊക്കെ ഉറക്കെ പറയാൻ കഴിയണം. വിഷയത്തിൽ ആത്മാർത്ഥ നിലപാടില്ലാതെ, ഭൂരിപക്ഷം മനുഷ്യർ പറയുന്നത് എന്താണെന്ന് നോക്കി അതിനോട് ചേർന്ന് നിൽക്കുന്നത് ആത്മവഞ്ചനയായിപ്പോകും. അങ്ങനെ നിലപാടെടുക്കുന്നവർ സ്വയം കുടുക്കിൽ ചെന്നുപെടും. പല രാഷ്ട്രീയപ്പാർട്ടികൾക്കും ഈ വിഷയത്തിൽ അതാണ് സംഭവിക്കുന്നത്. നിലപാടെടുക്കാനും സത്യവും യുക്തിയും പറയാനുമുള്ള അവസരം അവരെല്ലാം നഷ്ടപ്പെടുത്തി.

സതി അനുഷ്ടിക്കുന്നതിനും, സ്ത്രീകൾ മാറ് മറയ്ക്കാതിരിക്കുന്നതിനും ചില മനുഷ്യരെ അമ്പലത്തിൽ കയറ്റാതിരിക്കുന്നതിനും ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്ന നാടാണിത്. ഒടുവിൽ നമ്പി നാരായണനെ കല്ലെറിയാനും. ഞാനുൾപ്പെടടെയുള്ള ഭൂരിപക്ഷത്തിനാണ് പലപ്പോഴും തെറ്റ് പറ്റുന്നത്. കാര്യം മനസ്സിലാക്കുമ്പോൾ തിരുത്താനുള്ള ബാധ്യത നമുക്കുണ്ട്. ബാക്കിയുള്ളവരെ തിരുത്തിക്കാനും.

വാലറ്റം: ഇനി, ഇതൊന്നും സമ്മതിക്കാത്തവരോട് വയസ്സിൻറെ കാര്യത്തിൽ ഒരു അടിസ്ഥാന പ്രശ്നമുള്ളത് ചൂണ്ടിക്കാട്ടാം. ശബരിമല പ്രവേശനത്തിൽ പത്തു വയസ്സിൻറെ കാര്യം മനസ്സിലാക്കാം. പക്ഷേ, ഈ അമ്പത് വയസ്സിൻറെ കണക്ക് ശരിയല്ല. അമ്പത് വയസ്സിൽ ആർത്തവം നിലയ്ക്കാത്ത ഒരു ചെറിയ ശതമാനം സ്ത്രീകൾ എങ്കിലും ഉണ്ട്. അവരുടെ കാര്യം കൂടി പരിഗണിക്കണം. വയസ്സിൻറെ കാര്യത്തിൽ വാശി പിടിക്കുകയാണെങ്കിൽ അക്കാര്യത്തിൽ കൃത്യത വേണം. ഉയർന്ന പ്രായ പരിധി ഒരു അമ്പത്തഞ്ച് വയസ്സായി പുനർനിർണ്ണയിക്കണം. കണക്കു പറയുമ്പോൾ കണക്കായിത്തന്നെ പറയണം :)

ഡോ: എസ്. എസ്. ലാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button