Latest NewsNewsIndia

മനുഷ്യനില്‍ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസ് ; കണ്ടെത്തിയത് ഇന്ത്യയിലെന്ന് ഗവേഷകര്‍

കാന്‍ഡിഡ ഓറിസ് എന്നു പേരുള്ള ഫംഗസ് നിലവിലുള്ള ഒരു ആന്റിഫംഗല്‍ മരുന്നുകളോടും പ്രതികരിക്കാത്തതാണ്

ന്യൂഡല്‍ഹി : മനുഷ്യനില്‍ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫംഗസ് ഇന്ത്യയിലെ കടല്‍ത്തീരങ്ങളില്‍ കണ്ടെത്തിയെന്ന് ഗവേഷകര്‍. തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്തു നിന്നാണ് ഫംഗസിനെ കണ്ടെത്തിയിരിക്കുന്നത്. ഡോ.അനുരാധ ചക്രവര്‍ത്തിയും സംഘവുമാണ് ആന്‍ഡമാനില്‍ നിന്നു ഫംഗസിനെ കണ്ടെത്തിയത്. ആന്‍ഡമാനിലെ രണ്ട് മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ തീരങ്ങളില്‍ നിന്നും ആളുകള്‍ പോകുന്ന ഒരു ബീച്ചില്‍ നിന്നുമുള്ള മണല്‍ത്തരികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍ നടന്നത്.

കാന്‍ഡിഡ ഓറിസ് എന്നു പേരുള്ള ഫംഗസ് നിലവിലുള്ള ഒരു ആന്റിഫംഗല്‍ മരുന്നുകളോടും പ്രതികരിക്കാത്തതാണ്. മരുന്നുകളെ ചെറുക്കാനുള്ള ഈ ശേഷി മൂലം സൂപ്പര്‍ബഗ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ അനൗദ്യോഗികമായി വിശേഷിപ്പിക്കാറുള്ളത്. ഇതാദ്യമായാണ് ഈ ഫംഗസിനെ പ്രകൃതിയില്‍ കണ്ടെത്തുന്നത് എന്നുള്ള വസ്തുത ഗവേഷണത്തെ ശ്രദ്ധേയമാക്കുന്നു. ഇതുവരെ ഇവയെ കണ്ടെത്തിയിട്ടുള്ളത് ആശുപത്രികളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമാണ്. ബീച്ചില്‍ നിന്നുമുള്ള സാംപിളുകളില്‍ അടങ്ങിയിട്ടുള്ള ഫംഗസ് നേരത്തെ ലോകത്തു പല സ്ഥലങ്ങളിലും കണ്ടെത്തിയ ഫംഗസിന്റെ അതേ വകഭേദമാണ്. എന്നാല്‍ മനുഷ്യവാസമില്ലാത്ത തീരങ്ങളില്‍ നിന്നു കണ്ടെത്തിയവയ്ക്ക് വ്യത്യാസമുണ്ട്.

ഈ ഫംഗസിനെപ്പറ്റി ഒരുപാട് ഗവേഷണം നടത്തിയിട്ടുള്ള ഡോ. ആര്‍ട്യൂറോ കാസഡെവാല്‍ പെട്ടെന്ന് ഇവ എങ്ങനെ മനുഷ്യരില്‍ പ്രത്യക്ഷപ്പെട്ടു എന്നതിനെക്കുറിച്ച് ഒരു സിദ്ധാന്തം മുന്നോട്ടു വച്ചിട്ടുണ്ട്. ആഗോളതാപനമാണ് ഡോ. കാസഡെവാല്‍ ഇതിനു കാരണമായി പറയുന്നത്. ആദ്യകാലത്ത് ഈ ഫംഗസിനു മനുഷ്യ ശരീരത്തില്‍ സ്ഥിതി ചെയ്യുക പ്രയാസമായിരുന്നു. മനുഷ്യ ശരീരത്തിന്റെ ഉയര്‍ന്ന താപനില ചെറുക്കാന്‍ കഴിവില്ലാത്തതായിരുന്നു പ്രശ്നം. എന്നാല്‍ ആഗോളതാപനത്തിന്റെ ഭാഗമായി പ്രകൃതിയില്‍ ഉയര്‍ന്ന താപനിലയ്ക്ക് അനുസൃതമായി ഫംഗസും സ്വയം മാറി. ഇതോടെ മനുഷ്യ ശരീര താപനില ഇതിന് സാധാരണമായി മാറി. പെട്ടെന്നു പടരാനുള്ള കരുത്ത് ഇവയെ അപകടകാരികളാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button