
തിരുവനന്തപുരം: വസ്തുതർക്കത്തെ തുടർന്ന് അച്ഛനെ പൂച്ചെട്ടിയ്ക്ക് തലയ്ക്കടിച്ചത് അന്വേഷിക്കാനെത്തിയ മകനെ സ്ത്രീകളുടെ നേതൃത്വത്തിൽ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. കാഞ്ഞിരംകുളം ജംഗ്ഷന് സമീപം താമസിക്കുന്ന ദയാന്ദൻ(68), മകൻ സുനീഷ്(37) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെയാണ്: ദയാനന്ദനും അയൽവാസിയായ വിലാസിനിയും തമ്മിൽ വസ്തുസംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇന്നലെ തർക്ക സ്ഥലത്ത് അനധികൃത നിർമ്മാണത്തിന് വിലാസിനി ശ്രമിക്കുകയുണ്ടായി. ഇതറിഞ്ഞെത്തിയ ദയാനന്ദൻ നിർമ്മാണം തടയാൻ ശ്രമിക്കുകയുണ്ടായി. തുടർന്ന് ദയാനന്ദനും വിലാസിനിയുമായി വാക്കേറ്റമുണ്ടായി. തർക്കത്തിനിടെ വിലാസിനിയും മക്കളായ സൗഫിയ, സജിത എന്നിവർ ചേർന്ന് ദയാനന്ദനെ കൈയേറ്റം ചെയ്യുകയും പൂച്ചെട്ടി എടുത്ത് തലയ്ക്കടിക്കുകയും ചെയ്യുകയുണ്ടായി.
ദയാനന്ദനെ തലയ്ക്കടിച്ച സംഭവം അറിഞ്ഞ് അത് അന്വേഷിച്ചെത്തിയപ്പോഴാണ് സുനീഷിന് കമ്പിവടിക്ക് അടിയേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. വിലാസിനിയും കൂട്ടരുമാണ് തങ്ങളെ ആക്രമിച്ചതെന്ന് ദയാനന്ദനും സുനീഷും പൊലീസിൽ പരാതി നൽകിയിരിക്കുന്നു. എന്നാൽ അതേസമയം ദയാനന്ദനും സുനീഷും മർദ്ദിച്ചെന്നാരോപിച്ച് വിലാസിനിയും മക്കളും ബന്ധുവായ പദ്മകുമാറും പരാതി നൽകിയിരിക്കുകയാണ്. ഇവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുകൂട്ടരുടെയും പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments