ബെയ്ജിംഗ്: ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ. നഗരത്തിലെ വായുവിന്റെ നിലവാരം ഏറ്റവും മോശമായ നിലയിലാണ് നിലവിൽ ഉള്ളത്. വായു നിലവാര സൂചികയിൽ 999 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അപകടകരമായ നിലയാണിതെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്നർ മംഗോളിയയിൽ നിന്നും വീശിയടിച്ച പൊടിക്കാറ്റാണ് ബെയ്ജിംഗിനെ പൊടിപടലങ്ങളിൽ മുങ്ങിയത്.
നഗരത്തിലെ സ്ഥിതി വഷളായതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ചൈനയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊടി പടർന്ന് ഓറഞ്ച് നിറത്തിലായ നഗരത്തിന്റെ ചിത്രങ്ങളും പുറത്തു വരുന്നുണ്ട്. ബെയ്ജിംഗിന്റെ അവസ്ഥ എത്രത്തോളം രൂക്ഷമാണെന്ന് ദൃശ്യങ്ങളിൽ നിന്നും തന്നെ വ്യക്തമാണ്.
മാർച്ച് – ഏപ്രിൽ മാസങ്ങളിൽ ഗോപി മരുഭൂമിയിൽ നിന്നും പൊടിക്കാറ്റ് ചൈനയിലേക്ക് വീശിയടിക്കാറുണ്ട്. വടക്കൻ ചൈനയിൽ വനനശീകരണം വ്യാപകമായതോടെ ജനവാസ മേഖലകളിൽ പൊടിക്കാറ്റ് വലിയ ആഘാതമാണ് ഏൽപ്പിക്കുന്നത്.
Post Your Comments