ഇടുക്കി: വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്ന ആത്മവിശ്വാസത്തോടെയാണ് എം.എം മണി എന്ന ഇടുക്കിക്കാരുടെ മണിയാശാന്‍ ഇത്തവണയും കളത്തിലിറങ്ങുന്നത്. 1109 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് 2016 ല്‍ എം.എം മണിക്ക് ഉടുമ്പന്‍ചോല മണ്ഡല വാസികള്‍ നല്‍കിയത്. സി.പി.എം അദ്ദേഹത്തെ വൈദ്യുതി മന്ത്രിയാക്കി. പിന്നീട് കൂടുതല്‍ തിളങ്ങാന്‍ മണിക്ക് സാധിച്ചു എന്നാണ് സി.പി.എം വിലയിരുത്തല്‍. മാത്രമല്ല, ഇടുക്കി ജില്ലയെ മൊത്തം ലക്ഷ്യമിട്ട് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12,000 കോടിയുടെ ഇടുക്കി പ്രൊജക്ട് സി.പി.എമ്മിന്റെ തുടര്‍.ഭരണം ഉറപ്പിക്കുമെന്ന വിശ്വാസവും ഇടതുക്യാമ്പിലുണ്ട്.
Read Also : ഭരണ തുടർച്ച കൊതിച്ച് നേമം; പടയൊരുക്കത്തിനൊരുങ്ങി മുന്നണികൾ
കുടിയേറ്റ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും നാടായ ഉടുമ്പന്‍ചോല മണ്ഡലം പതിവായി ആരെയും ജയിപ്പിക്കാറില്ല. 1967 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം നോക്കിയാല്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും സി.പി.എമ്മും സി.പി.ഐയും പലതവണ ജയിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലം നോക്കിയാല്‍ ഉടുമ്പന്‍ചോലയില്‍ യു.ഡി.എഫിനാണ് മുന്‍തൂക്കം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ഇടതുപക്ഷത്തിനൊപ്പവും. ഇത്തവണ മാറ്റം വരുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണയും കളത്തിലിറങ്ങുന്നത്.
ഉടുമ്പന്‍ചോല, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ തുടങ്ങി പത്ത് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഉടുമ്പന്‍ചോല മണ്ഡലം. എല്ലാ പഞ്ചായത്തിലും ഭരണം എല്‍.ഡി.എഫിനാണ്. ആ പ്രതീക്ഷ ഇടതുപക്ഷത്തിന് വാനോളമുണ്ട്. 1967 ന് ശേഷം കേരള കോണ്‍ഗ്രസ് നാല് തവണയും സി.പി.എം അഞ്ച് തവണയും സി.പി.ഐയും കോണ്‍ഗ്രസും രണ്ടുതവണ വീതവും ജയിച്ചിട്ടുണ്ട്. 2001 മുതല്‍ സി.പി.എം തുടര്‍ച്ചയായി ജയിച്ചുവരുന്നു. കോണ്‍ഗ്രസിന്റെ ഇ.എം അഗസ്തി 1991ലും 1996ലും ജയിച്ചിരുന്നു. കെ.കെ ജയചന്ദ്രന്‍ 2001 മുതല്‍ മണ്ഡലം സിപിഎമ്മിന്റേതാക്കി. 2006 ലും 2011 ലും ജയചന്ദ്രന്‍ തന്നെ.
2016ല്‍ എം.എം മണിക്ക് കിട്ടിയത് 50813 വോട്ടുകളാണ്. എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ സേനാപതി വേണുവിന് 49704 വോട്ടും. 1109 വോട്ടിന് മണി ജയിച്ചു. എന്‍.ഡി.എക്ക് വേണ്ടി മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥി സജി പറമ്പത്തിന് 21799 വോട്ട് ലഭിച്ചു. തമിഴ്നാട്ടിലെ ഭരണകക്ഷി എഐഎഡിഎംകെയും ഇവിടെ മത്സരിക്കാറുണ്ട്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് യു.ഡി.എഫിന് ലഭിച്ചത് 63550 വോട്ടാണ്. എല്‍.ഡി.എഫിനാകട്ടെ 51000 വോട്ടുകളും. പക്ഷേ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനാണ് മേല്‍ക്കൈ.
Post Your Comments