ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വില വർധിപ്പിക്കുന്നു. ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ വർധിച്ചതാണ് ഇതിന് കാരണമായിരിക്കുന്നത്. അടുത്തമാസം എല്‍ഇഡി ടിവികളുടെ വിലയില്‍ 2000 രൂപ മുതല്‍ 7000 രൂപ വര്‍ധന ഉണ്ടാകാമെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
പാനസോണിക്, ഹെയര്‍, തോംസണ്‍ എന്നിവയുള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുകയാണ്. എല്‍ജി പോലുള്ള ചിലര്‍ ഓപ്പണ്‍ സെല്ലിന്റെ വിലവര്‍ധന കാരണം ഇതിനകം തന്നെ വില ഉയര്‍ത്തിയിട്ടുണ്ട്.
പാനല്‍ വില തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനൊത്ത് ടിവികളുടെ വിലയും കൂടുന്നുവെന്നും പാനസോണിക് ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറഞ്ഞു. ഏപ്രില്‍ മാസത്തോടെ ടിവി വില ഇനിയും കൂടാനാണ് സാധ്യത ഉള്ളത്. നിലവിലെ ട്രെന്‍ഡുകള്‍ കണ്ടാല്‍, ഏപ്രിലില്‍ 5-7 ശതമാനം വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ ഓപ്പണ്‍ സെല്ലിന്റെ ദൗര്‍ലഭ്യം ഉണ്ടെന്നും കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ വില മൂന്നിരട്ടിയായി വര്‍ധിച്ചുവെന്നും ഫ്രഞ്ച് ഇലക്ട്രോണിക്സ് ബ്രാന്‍ഡായ തോംസണിന്റെയും യുഎസ് ആസ്ഥാനമായുള്ള കൊഡാക്കിന്റെയും ബ്രാന്‍ഡ് ലൈസന്‍സിയായ സൂപ്പര്‍ പ്ലാസ്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്പിപിഎല്‍) പറയുകയുണ്ടായി. കഴിഞ്ഞ 8 മാസങ്ങള്‍ക്കിടെ 350 ശതമാനത്തിലേറേ വര്‍ധന എല്‍ഇഡി പാനലുകളുടെ വിലയില്‍ ഉണ്ടായി.
ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ എല്‍ജി തങ്ങളുടെ ടിവി പാനലുകളുടെ വില ഉടന്‍ വര്‍ധിപ്പിക്കില്ലെന്ന് അറിയിച്ചു. ജനുവരിയിലും ഫെബ്രുവരിയിലുമായി ഏതാണ്ട് 7 ശതമാനം വര്‍ധന കമ്പനി നടപ്പാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഓപ്പണ്‍ സെല്ലിന്റെ ഇറക്കുമതി തീരുവ പുനഃസ്ഥാപിച്ചിരുന്നു. ഒരു വര്‍ഷത്തോളം തീരുവ ഇല്ലാതെ തുടര്‍ന്ന ശേഷമാണ്, 2020 ഒക്റ്റോബര്‍ 1 മുതല്‍ ടിവികള്‍ക്കായി ഓപ്പണ്‍ സെല്‍ ഇറക്കുമതി ചെയ്യുന്നതിന് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പുനഃസ്ഥാപിച്ചത്.ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ടിവി ഇറക്കുമതിയെ നിയന്ത്രിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
Post Your Comments