![ganesh kumar](/wp-content/uploads/2018/03/ganesh-kumar-1-1-1.png)
പത്തനാപുരം: കൊല്ലം ജില്ലയിലെ നിയോജക മണ്ഡലമാണ് പത്തനാപുരം. തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ സിപിഐയ്ക്കും കേരള കോണ്‍ഗ്രസസ് ബി യ്ക്ക് ഒപ്പം നിന്ന മണ്ഡലം. ഒരു തവണ മാത്രമാണ് കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വിജയിക്കാന്‍ സാധിച്ചത്. അതും പിന്നീട് കേരള കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയ ആര്‍. ബാലകൃഷ്ണ പിള്ളയാണ് അന്ന് കോണ്‍ഗ്രസിനായി മത്സരിച്ചതും. നിലവില്‍ കേരള കോണ്‍ഗ്രസ് ബി നേതാവും ബാലകൃഷ്ണ പിള്ളയുടെ മകനുമായ ഗണേഷ് കുമാറാണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധികരിക്കുന്നത്. 2001 മുതല്‍ ഗണേഷ് കുമാര്‍ മണ്ഡലത്തിലെ എം.എല്‍.എയാണ്.
തെരഞ്ഞെടുപ്പ് ചരിത്രം
1957ലെ ആദ്യ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐയുടെ എന്‍ രാജഗോപാലന്‍ നായരാണ് പത്തനാപുരത്ത് വിജയിച്ചത്. 1960 ല്‍ ബാലകൃഷ്ണപിള്ള മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. എന്നാല്‍ 1967 ലെ തെരഞ്ഞെടുപ്പില്‍ സിപിഐ മണ്ഡലം തിരിച്ചു പിടിച്ചു. മൂന്നും നാലും നിയമസഭകളില്‍ പി.കെ രാഘവന്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചപ്പോള്‍ 1977 ലും 1980 ലും ഇ.കെ പിള്ളയും സിപിഐ സ്ഥാനാര്‍ഥികളായി വിജയിച്ചു.
1982ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മണ്ഡലത്തില്‍ സാനിധ്യം അറിയിച്ചെങ്കിലും 1987ല്‍ ഇ ചന്ദ്രശേഖരന്‍ നായരിലൂടെ വീണ്ടും സിപിഐ മണ്ഡലത്തില്‍ കരുത്ത് കാട്ടി. 1991 ലും 1996 ലും പ്രകാശ് ബാബു വിജയിച്ചപ്പോള്‍ 2001 മുതല്‍ മണ്ഡലം ഗണേഷ് കുമാറിനൊപ്പം നിന്നു.
2016ലെ തിരഞ്ഞെടുപ്പ്
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗ്ലാമര്‍ പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ ഒന്നായിരുന്നു പത്തനാപുരം. സിനിമ നടന്‍ കൂടിയായ ഗണേഷ് കുമാറിന് മറ്റ് രണ്ട് പ്രധാന മുന്നണികളും എതിരാളികളെ കണ്ടെത്തിയത് സിനിമ മേഖലയില്‍ നിന്ന് തന്നെയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഗദീഷ് കുമാറും ബി.ജെ.പിക്കുവേണ്ടി ഭീമന്‍ രഘുവുമാണ് മത്സരിച്ചത്. എന്നാല്‍ രണ്ടുപേര്‍ക്കും ഗണേഷ് കുമാറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല.
വോട്ട് വിഹിതത്തില്‍ നേരിയ ഇടിവ് ഉണ്ടായെങ്കിലും 24562 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗണേഷ് കുമാര്‍ പത്തനാപുരത്ത് നിന്ന് നിയമസഭയിലെത്തിയത്. എന്നാല്‍ 2011ല്‍ തനിക്കെതിരായി മത്സരിച്ച സിപിഎമ്മിന്റെ പിന്തുണയോടെയാണ് നാലാം തവണ ഗണേഷ് കുമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇത്തവണ സാധ്യതകള്‍
ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ഗണേഷ് കുമാര്‍ തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്റെ വ്യക്തിപ്രഭാവവും ഇത്തവണയും വോട്ടാക്കി മാറ്റാമെന്ന് ഗണേഷ് കുമാറും മുന്നണിയും കരുതുന്നു. നിലവിലെ സാഹചര്യം ഇടത് മുന്നണിക്ക് അനുകൂലമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും അത് വ്യക്തമായിരുന്നു. 2016 ആവര്‍ത്തിച്ചാല്‍ ഇത്തവണയും പത്തനാപുരം ഉള്‍പ്പടെ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് ജയിക്കാനാകും.
പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിക്കവല എന്നീ പഞ്ചായത്തുകളും ചേര്‍ന്നതാണ് പത്തനാപുരം നിയമസഭാമണ്ഡലം. 2016ലെ കണക്കനുസരിച്ച് 189837 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
Post Your Comments