വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഉത്തർപ്രദേശ് ഫൈനലിൽ. സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 48.1 ഓവറിൽ 184ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തർപ്രദേശ് 42.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. അക്ഷ്ദീപ് നാഥിന്റെ (71) ഇന്നിങ്സാണ് ഉത്തർപ്രദേശിന്റെ അനായാസ ജയം സമ്മാനിച്ചത്. ക്യാപ്റ്റൻ കരൺ ശർമ (38), മാധവ് കൗശിക് (15), സമ്മർഥ് സിങ് (11), പ്രിയം ഗാർഗ് (15) എന്നിവരാണ് ഉത്തർപ്രദേശിന്റെ പുറത്തായ മറ്റ് താരങ്ങൾ.
ഉപേന്ദ്ര യാദവ് (31), സമീർ ചൗധരി (4) എന്നിവർ പുറത്താവാതെ നിന്നു. അതേസമയം, യഷ് ദയാൽ, അക്വിബ് ഖാൻ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ഗുജറാത്തിനെ ചെറിയ സ്കോറിൽ തളച്ചത്. യഷ് മൂന്നും അക്വിബ് രണ്ടും വിക്കറ്റ് വീഴ്ത്തി. 60 റൺസെടുത്ത ഹെത് പട്ടേലിലും 32 റൺസെടുത്ത പിയൂഷ് ചൗളയും മാത്രമാണ് ഗുജറാത്ത് നിരയിൽ പിടിച്ചു നിൽക്കാൻ സാധിച്ചത്.
Post Your Comments