ഉത്തരാഖണ്ഡ് ബി.ജെ.പിയിൽ പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവച്ചു. ദിവസങ്ങളായി പാർട്ടിയിൽ പുകഞ്ഞിരുന്ന ആഭ്യന്തര കലഹത്തിനു പിന്നാലെയാണ് രാജി. അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നു ബി.ജെ.പി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ബുധനാഴ്ച സംസ്ഥാന നിയമസഭാ കക്ഷിയോഗം ചേർന്ന് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നും, ഉന്നത വിദ്യാഭ്യാസ മന്ത്രി ധൻ സിങ് റാവത്തായിരിക്കും പുതിയ മുഖ്യമന്ത്രിയെന്നുമാണ് ലഭ്യമായ വിവരം.
മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങിന്റെ പ്രവർത്തനങ്ങളിൽ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനുണ്ടായിരുന്ന അതൃപ്തിയാണ് അദ്ദേഹത്തിന്റെ രാജിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ത്രിവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് വരുന്ന തിരഞ്ഞെടുപ്പ് നേരിടുന്നതെങ്കിൽ പരാജയമായിരിക്കും ബി.ജെ.പി യെ കാത്തിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കളിൽ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.
അതിനിടെ ത്രിവേന്ദ്ര സിങ് തിങ്കളാഴ്ച ഡൽഹിയിലെത്തി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ കണ്ടിരുന്നു. സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾക്കു മാത്രമാണ് തന്റെ കാര്യത്തിൽ അതൃപ്തിയെന്ന് ത്രിവേന്ദ്ര സിങ് പറഞ്ഞതായാണു വിവരം. 2022ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരാജയം മുന്നിൽക്കണ്ടാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഇപ്പോൾ ഇടപെട്ടിരിക്കുന്നത്.
Post Your Comments