ടെഹ്‌റാന്‍ : ട്രംപ് പടിയിറങ്ങിയതോടെ ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ഇറാനും ചൈനയും. വൈറ്റ് ഹൗസില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പടിയിറങ്ങിയതു മുതല്‍ ഇറാന്റെ എണ്ണവ്യാപാരം തകൃതിയായി നടക്കുകയാണ് . കഴിഞ്ഞ രണ്ടു മാസമായി റെക്കോര്‍ഡ് അളവിലുള്ള ക്രൂഡ് ഓയിലാണ് ഇറാന്‍ ചൈനയിലേക്കു കയറ്റുമതി ചെയ്യുന്നത്. യു.എസ് ഉപരോധം പിന്‍വലിക്കുമെന്നു സൂചനയുള്ളതിനാല്‍ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതു പുനഃരാരംഭിക്കാന്‍ ഇന്ത്യയും ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
2018 ല്‍ ആണവക്കരാറില്‍നിന്നു യു.എസ് പിന്മാറുകയും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ഇറാന്റെ എണ്ണവ്യാപാരത്തില്‍ ഗണ്യമായ കുറവുണ്ടായി. ജനുവരിയില്‍ ജോ ബൈഡന്‍ യു.എസ് പ്രസിഡന്റായി അധികാരമേറ്റെടുത്തതോടെ ആണവക്കരാര്‍ പുനഃസ്ഥാപിക്കുന്നതിന് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. കരാറിലേര്‍പ്പെടുന്നതിന് മുന്‍പു തന്നെ ഉപരോധങ്ങള്‍ നീക്കണമെന്നാണ് ഇറാന്റെ ആവശ്യം.
യുഎസ് ഉപരോധത്തിനു പിന്നാലെ ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള ഇറാന്റെ കയറ്റുമതിയില്‍ വന്‍ ഇടിവാണു സംഭവിച്ചിരുന്നത്. ഇതിനു പിന്നാലെ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ മറ്റ് ഒപെക് രാജ്യങ്ങളും കയറ്റുമതി കുറച്ചത് ഏഷ്യന്‍ രാജ്യങ്ങളെ വലിയ രീതിയില്‍ ബാധിച്ചിരുന്നു. ഏഷ്യയില്‍ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ പകുതിയിലേറെയും മിഡില്‍ ഈസ്റ്റില്‍നിന്നാണ്.
2018 നവംബറില്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെ, അടുത്ത ആറ് മാസത്തേയ്ക്കു കൂടി ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയ്ക്ക് യു.എസ് അനുമതി നല്‍കിയിരുന്നു. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2019 മേയിലാണ് ഇറാനില്‍നിന്നുള്ള ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യന്‍ വിപണി നഷ്ടമായത് ഇറാനെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഇന്ധനവില കുതിച്ചുയരുന്ന ഇന്ത്യയില്‍, മൂന്നു-നാല് മാസത്തിനുള്ളില്‍ ഇറാന്‍ വീണ്ടും എണ്ണ ഇറക്കുമതി പുനഃരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments