കൊച്ചി : വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് സഹോദരിമാരെ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ അന്വേഷണം സി.ബി.ഐക്ക് കൈമാറിയ വിജ്ഞാപനം മാത്രമാണ് ലഭിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. അന്വേഷണത്തിന് അനിവാര്യമായ അനുബന്ധ രേഖകള്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് ലഭിച്ചിട്ടില്ല.
Read Also : കോവിഡ് വാക്സിൻ വിതരണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ലോക രാജ്യങ്ങൾ
കേസിനെക്കുറിച്ചുള്ള ലഘുവിവരണം, എഫ്.ഐ.ആര് പകര്‍പ്പ്, ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍, അറസ്റ്റിലായവരുടെയും ജാമ്യത്തിലുള്ളവരുടെയും റിമാന്ഡിലുള്ളവരുടെയും വിവരങ്ങള്‍, കോടതി നടപടികളുടെ രേഖകള്‍, പൊലീസിന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിന്റെയും കേസ് സി.ബി.ഐക്ക് വിടുന്നതിന്റെയും കാരണങ്ങളും വിശദാംശങ്ങളും, സി.ബി.ഐ അന്വേഷണത്തിന് ഒരുക്കിനല്‍കുന്ന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാറില്‍നിന്ന് ആവശ്യമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രേഖകള്‍ എത്രയുംവേഗം നല്കാന് സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കുശേഷം ഹരജി വീണ്ടും പരിഗണിക്കും.
സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ മാതാവ് നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2018 നവംബര്‍ 22ലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് ആവശ്യമുള്ള രേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28ന് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയതായി ഹരജി പരിഗണിക്കവേ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കത്തിന്റെ പകര്‍പ്പും ഹാജരാക്കി. പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലും സമാന സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, സി.ബി.ഐയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് നല്‍കേണ്ട രേഖകള്‍ കൈമാറാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ ഉറപ്പുനല്‍കി. മാര്‍ഗ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ സി.ബി.ഐ പലപ്പോഴും കേസെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് രേഖകള്‍ സി.ബി.ഐക്ക് കൈമാറാന്‍ കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
Post Your Comments