തായ്‌ലൻഡ്കാരിയായ സിരിപോൺ നിയാമ്രിനെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്റെ രൂപത്തിലാണ്. വീടിന് സമീപമുള്ള കടൽതീരത്ത് കൂടി നടക്കുന്നതിനിടെയാണ് സിരിപോണിന് ആമ്പർഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛർദ്ദി ലഭിച്ചത്. 6 കിലോയോളം വരുന്ന് ഈ ആമ്പർഗ്രിസിന് വിപണിയിൽ രണ്ടു കോടിയിലധികം വിലവരുമെന്നാണ് വിലയിരുത്തൽ. പ്രധാനമായും പെർഫ്യൂമുകളുടെ നിർമ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്.
സിരിപോണിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത് ഫെബ്രുവരി അവസാന വാരത്തിലാണ്. കടൽതീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് തീരത്തടിഞ്ഞിരിക്കുന്ന വലിയ വസ്തു ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത് ചെന്നപ്പോൾ പ്രത്യേകത തോന്നി. വിൽക്കാൻ കഴിയുന്ന എന്തെങ്കിലും വസ്തു ആണെന്ന് കരുതി അതെടുത്ത് വീട്ടിൽ കൊണ്ടുപോയി. എന്നാൽ തന്റെ ജീവിതം മാറ്റിമറിക്കാനുള്ള വിലയുള്ള ആമ്പർഗ്രിസാണ് കയ്യിലുള്ളതെന്ന് സിരിപോണിന് പിന്നീട് അയൽവാസികളെ കാണിച്ചപ്പോഴാണ് മനസ്സിലായത്. സംശയം തീർക്കാനായി തീയുടെ അടുത്ത് ചെന്നപ്പോൾ ഇത് ഉരുകുന്നതായും കണ്ടു.
ഖരരൂപത്തിൽ മെഴുക് പോലെ കാണപ്പെടുന്ന തിമിംഗലത്തിന്റെ ഛർദ്ദി ആമ്പർഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹനസഹായിയായ സ്രവങ്ങൾ ഉറഞ്ഞുണ്ടാകുന്ന ആമ്പർഗ്രിസ് അധികമാകുമ്പോൾ തിമിംഗലം ഛർദ്ദി രൂപത്തിൽ പുറത്തുകളയും.
കയ്യിലുള്ളത് ആമ്പർഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാൻ വിദഗ്ധർ എത്തുന്നതും കാത്തിരിക്കുകയാണ് സിരിപോൺ. കയ്യിലുള്ളത് ആമ്പർഗ്രിസ് തന്നെയാണെങ്കിൽ വിറ്റ് കിട്ടുന്ന തുകയിൽ ഒരു ഭാഗം ഉപയോഗിച്ച് സമൂഹത്തിന് വേണ്ടി സഹായം ചെയ്യണമെന്നാണ് തീരുമാനമെന്ന് അവർ പറഞ്ഞു.
Post Your Comments