തൃശൂർ: കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട് ആചാരാനുഷ്ഠാനങ്ങൾ നടത്താൻ അനുമതി നൽകിയിരിക്കുന്നു. ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭരണി ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമുള്ള ഭക്തർക്ക് പ്രവേശനമുണ്ടാകില്ല. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി കഴിഞ്ഞ വർഷവും ചടങ്ങ് മാത്രമായാണ് നടത്തുകയുണ്ടായത്. ഇത്തവണയും സമാനമായ രീതിയിൽ ആചാരാനുഷ്ഠാനങ്ങൾക്ക് മാത്രമാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടുള്ളത്.
കോഴിക്കല്ല് മൂടൽ, അശ്വതികാവ് തീണ്ടൽ തുടങ്ങിയ ചടങ്ങുകൾ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാർ, കൊടുങ്ങല്ലൂർ പ്രദേശത്തെ ഭഗവതി വീട്ടുകാർ, കൊടുങ്ങല്ലൂർ പാലക്കവേലൻ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മാത്രം ചടങ്ങുകൾ നടക്കും. പാലക്കാട് തമിഴ്‌നാട് അതിർത്തിയിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. ഈ ദിവസങ്ങളിൽ ഗുരുവായൂർ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ലോഡ്ജുകളിൽ ഭക്തജനങ്ങൾക്ക് മുറികൾ അനുവദിക്കുകയില്ല. ഭരണിക്കായി മുൻകൂട്ടി ബുക്ക് ചെയ്ത വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കും. ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധനകൾ നടത്തുകയും നിയന്ത്രണങ്ങൾ ലംഘിച്ചെത്തുന്ന വാഹനങ്ങൾ തിരിച്ച് വിടുകയും ചെയ്യും. റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിയമ നടപടികൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിക്കുകയുണ്ടായി.
ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുന്നവർക്കും ക്ഷേത്ര ഭാരവാഹികൾക്കും ആർ ടി പി സി ആർ ടെസ്റ്റുകൾ നടത്തുന്നതാണ്. തുടർന്ന് രോഗം സ്ഥിരീകരിക്കുന്നവരെ ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കും. ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിനായി മറ്റ് ജില്ലകളിലെ കളക്ടർമാരുടെയും പോലീസ് മേധാവികളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Post Your Comments