സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടൻ ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ‘ ബ്ലാക്ക് കോഫി’ പ്രദർശനത്തിനെത്തി. സോൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബുവും, കാളിദാസനും, മായയും, മൂപ്പനുമെല്ലാം ബ്ലാക്ക് കോഫിയിലൂടെ വീണ്ടും തിരശീലയിലേക്ക് എത്തിയപ്പോൾ ആസിഫിന്റെ മനു രാഘവിനേയും, മൈഥിലിയുടെ മീനാക്ഷിയെയും ആയിരുന്നു പ്രേക്ഷകർ തിരഞ്ഞത്. ചിത്രത്തിൽ അവർക്ക് എന്തുപറ്റി എന്നതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ബാബുരാജ്.
താൻ ഇതിനുമുമ്പ് സംവിധാനംചെയ്ത രണ്ടുചിത്രങ്ങളും ത്രില്ലർ, ക്രൈം വിഭാഗത്തിൽപ്പെട്ടതാണെന്നും, എന്തുകൊണ്ടൊരു കോമഡിചിത്രം ചെയ്യുന്നില്ല എന്നചോദ്യം, കുറെക്കാലമായി പലരും ചോദിച്ചു എന്നും ബാബുരാജ് പറഞ്ഞു. സോൾട്ട് ആൻഡ് പെപ്പർ ഹിറ്റായി മാറിയ ഉടനെ തന്നെ ചിത്രത്തിനൊരു രണ്ടാം ഭാഗം എന്ന ചിന്ത ഉയർന്നിരുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നൊരു തുടർച്ചയ്ക്കായി കാത്തിരിക്കുകയായിരുന്നു. സിനിമയ്ക്കുപറ്റിയൊരു കഥ കിട്ടിയപ്പോൾ ആഷിക്ക് അബുവിനോട് കാര്യം പറഞ്ഞു.
സോൾട്ട് ആൻഡ് പെപ്പറിനൊരു തുടർച്ചയെന്നു കേട്ടപ്പോൾ ആഷിക്കിനും സന്തോഷം. ഞാൻ സംവിധാനംചെയ്യുന്നതിൽ ആർക്കും എതിർപ്പുണ്ടായിരുന്നില്ല. തുടക്കത്തിൽ ആസിഫ് അലിയുടെയും മൈഥിലിയുടെയുമെല്ലാം വേഷങ്ങൾക്ക് കഥയിൽ സ്ഥാനമുണ്ടായിരുന്നു. പക്ഷേ, മൈഥിലി അമേരിക്കയിൽ താമസമായതിനാൽ ആ കഥാപാത്രങ്ങളെയെല്ലാം മാറ്റിനിർത്തേണ്ടിവന്നുവെന്നും ബാബുരാജ് പറയുന്നു.
Post Your Comments